
വൈദ്യുത ഇരുചക്രവാഹന നിർമ്മാതാക്കളായ ഒകിനാവ സ്കൂട്ടേഴ്സ് പുതിയ മോഡലായ ‘ഐ പ്രെയ്സി’ന് 450 ബുക്കിങ്ങുകളാണ് ഇതുവരെ ലഭിച്ചത്. ഈ മാസം അവസാനത്തോടെ ‘ഐ പ്രെയ്സ്’ അനാവരണം ചെയ്യാനാവുമെന്നാണ് ഒകിനാവയുടെ പ്രതീക്ഷ. റിപ്പോർട്ട് പ്രകാരം 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ 280-ൽ കൂടുതൽ ഒകിനാവ ഡീലർഷിപ്പുകൾ ‘ഐ പ്രെയ്സ്’ ബുക്കിങ്ങുകൾ സ്വീകരിച്ചത്.
ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം ചാർജ് ചെയ്യാൻ അവസരമൊരുക്കി അഴിച്ചെടുക്കാവുന്ന ലിതിയം അയോൺ ബാറ്ററിയോടെയാണ് ‘ഐ പ്രെയ്സി’ന്റെ വരവ്.
500 ബുക്കിങ്ങുകൾ ജനുവരി മധ്യത്തോടെ സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നതെന്ന് ഒകിനാവ സ്കൂട്ടേഴ്സ് മാനേജിങ് ഡയറക്ടർ ജീതേന്ദർ ശർമ പറഞ്ഞു. ഡിസംബർ അവസാനത്തോടെ തന്നെ 90% ലക്ഷ്യം കൈവരിക്കാനായത് ഏറെ ആഹ്ലാദകരമാണ്.
മുൻ മോഡലായ ‘പ്രെയ്സി’നെ അപേക്ഷിച്ചു പുതിയ സ്കൂട്ടറിന് 40% ഭാരക്കുറവും ഒകിനാവ വാഗ്ദാനം ചെയ്യുന്നു. രണ്ടോ മൂന്നോ മണിക്കൂറിനകം ‘ഐ പ്രെയ്സി’ലെ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാനാവുമെന്നും ഒകിനാവ അവകാശപ്പെടുന്നുണ്ട്.
പ്രെയ്സിൽ ലെഡ് ആസിഡ് ബാറ്ററിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഐ പ്രെയ്സ് 160 - 180 കിലോമീറ്റർ ഓടുമെന്നാണ് ഒകിനാവയുടെ അവകാശവാദം; മണിക്കൂറിൽ 75 കിലോമീറ്റർ വരെയാണു സ്കൂട്ടറിന്റെ പരമാവധി വേഗം.






