Authored by Web Desk | Last updated: 11 Jan 2019, 4:51 PM | 4 min read
അച്ഛനമ്മമാര്‍ ജാഗ്രതൈ... നിങ്ങളുടെ മക്കള്‍ അപകടത്തിലാണ്. യു.പി തലം മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ആണ്/ പെണ് മക്കളുടെ അച്ഛനമ്മമാര്‍ അതീവ ജാഗ്രതയോടെ തങ്ങളുടെ മക്കളെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 10-18 വയസ്സുവരെയുള്ള കുട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം ഞെട്ടിക്കുന്ന തരത്തില്‍ വര്‍ധിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.
കുട്ടികളുടെ മാനസിക ആരോഗ്യ വികസനം ലക്ഷ്യമിട്ട് തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തില്‍ എം.എല്‍.എ ഐ.ബി സതീഷും ജില്ലാ കളക്ടറും ജില്ലയിലെ ഡോക്ടര്‍മാരും ചേര്‍ന്ന് നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി നടത്തിയ കൗണ്‍സലിങ്ങിലാണ് ഈ വെളിപ്പെടുത്തലുകള്‍.
വിവിധ സ്കൂളുകളിലെ കുട്ടികൡല്‍ മൂന്നില്‍ ഒരു വിഭാഗം മയക്കുമരുന്നിന്റെ പിടിയിലാണ്! തിരുവനന്തപുരം ജില്ലയുടെ മൊത്തം അവസ്ഥയും വ്യത്യസ്തമല്ല!!മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ട കുട്ടികളില്‍ ഒരു വിഭാഗം ഇതിന്റെ അടിമകളും മറ്റൊരു വിഭാഗം ക്യാരിയര്മാരുമാണ്. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ലഹരി ലോബികളുടെ പിടിയില്‍പ്പെട്ടിട്ടുണ്ട് എന്നതാണത്രേ വാസ്തവം.
ലഹരി ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും തിരിച്ചറിവായ കുട്ടികളാണെങ്കില്‍ മയക്കുമരുന്ന് കടത്താനായി ലോബികള്‍ ഉപയോഗിക്കുന്നത് 10 വയസു മുതലുള്ള കുട്ടികളെയാണ്. ചരക്ക് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കുഞ്ഞുകുട്ടികളെ ഏല്‍പ്പിച്ച് അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കാറാണ് പതിവ്. ചോകേറ്റും കാശുമൊക്കെ നല്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിയുല്‍പ്പന്നങ്ങള്‍ കടത്തുകയാണ് രീതി. തിരിച്ചറിവായ കുട്ടികളാണ് കടത്തുകാര്‍ ആവുന്നത് എങ്കില്‍ പണത്തിനൊപ്പം സ്റ്റഫും ഫ്രീ ആയി ലഭിക്കും.
കുട്ടികള്‍ക്കിടയില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ പുതിയ തരം മയക്കുമരുന്നുകളെ കുറിച്ചും അവയുടെ ഉപയോഗ രീതികളെക്കുറിച്ചും അറിയാന്‍ സാധിച്ചു. തിരുവനന്തപുരം ജില്ലയിലെ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികളും ഏതെങ്കിലും ലഹരിയുപയോഗിക്കുന്നവരോ വാഹകരോ ആണ്. കാട്ടാക്കട പോലെ ഒരു ഗ്രാമ പ്രദേശത്തെ അവസ്ഥ ഇതാണെങ്കില്‍ നഗരത്തിനുള്ളിലെ സ്കൂളുകളിലും കോളനി പ്രദേശങ്ങളിലെ കുട്ടികളിലും കടലോര മേഖലകളിലും, സ്ഥിതി ഇതിലും ഭീകരമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അടിമകളാകുന്ന കുട്ടികള്‍
മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും തിരിച്ചറിവായ കുട്ടികളാണ്. 10 മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ ലഹരിക്ക് അടിമകളാകുന്നുണ്ടെങ്കിലും എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികളാണ് ലഹരി മരുന്ന് കൂടുതലും ഉപയോഗിക്കുന്നത്. പ്ലസ് ടു തലത്തില്‍ എത്തുമ്പോള്‍ കുട്ടികള്‍ തീര്‍ത്തും മയക്കുമരുന്നിന്റെ അടിമകളായി മാറും.
ഒരുകാലത്ത് മയക്കുമരുന്ന് ലോബികളുടെ ക്യാരിയര്‍മാര്‍ ആയിരുന്നവരാണ് ഇത്തരത്തില്‍ അടിമപ്പെടുന്നവരെല്ലാം. തമിഴ്നാട്ടില്‍നിന്നു ലഹരിവസ്തുക്കള്‍ പോലീസിന്റെയും എക്സൈസിന്റെയും കണ്ണില്‍പ്പെടാതെ കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്ന യുവാക്കളും ധാരാളം.
പണവും ലഹരിവസ്തുക്കളും നല്‍കിയാണ് പോലീസിന്റെ കണ്ണില്‍പ്പെടാതെ ഉള്ള മാഫിയകളുടെ ഓപ്പറേഷന്. അതിര്‍ത്തിപ്രദേശങ്ങളില്‍ ഒട്ടേറെ പോലീസ് കേസുകളും ഉണ്ടായിട്ടുണ്ട്. ഈ കേസുകളിലൊക്കെ പിടിക്കപ്പെടുന്നത് പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. ഇത്തരത്തില്‍ ആവശ്യത്തിലധികം പണവും സൗകര്യങ്ങളും ലഭിക്കുമ്പോള്‍ പഠനം ഉപേക്ഷിച്ച് ഈ തൊഴില്‍ ചെയ്യുന്ന യുവാക്കളും കുറവല്ല. ഇവരെല്ലാം തന്നെ മയക്കുമരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു എന്നതും തിരിച്ചറിയേണ്ട കാര്യമാണ്.
ലഹരിമരുന്നിലെ ന്യൂജെന്‍
കഞ്ചാവും വിലകൂടിയ മയക്കുമരുന്നും കുട്ടികളില്‍ ഇന്നു ശീലമായിരിക്കുന്നു. ഒരു കാലത്ത് കുട്ടികള്‍ ഒളിഞ്ഞിരുന്ന് സിഗരറ്റ് വലിക്കാനാണ് ശ്രമിച്ചിരുന്നതെങ്കില്‍ പിന്നീടത് മദ്യത്തിലേക്ക് വഴിമാറി. എന്നാലിന്ന് മാരക മയക്കുമരുന്നുകള്‍ ആണ് കുട്ടികളെ അടിമകള്‍ ആക്കിയിരിക്കുന്നത്.
പുതുമയുള്ള അഡിക്ഷനുകള്‍ കൂടി കുട്ടികള്‍ക്കിടയില്‍ സജീവമായി ഉണ്ടെന്നു വെളിവാക്കുന്നതാണ് ഒപ്പം പഠനം. സാധാരണയായ പല സാധനങ്ങളെയും മയക്കുമരുന്നാക്കി മാറ്റി ഉപയോഗിക്കുന്ന പുതിയ ശീലമാണ് ശ്രദ്ധിക്കേണ്ടത്. കഞ്ചാവും മയക്കുമരുന്നും പരസ്യമായി ഉപയോഗിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ ഇത്തരം പുതിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് പുതുതലമുറ ബുദ്ധി പ്രയോഗിക്കുന്നത്.
പഠനാവശ്യത്തിനായി വാങ്ങുന്ന വൈറ്റ്നര് മുതല്‍ വീട്ടാവശ്യത്തിനായി വാങ്ങുന്ന ടര്പ്പന്റ്റൈന് വരെ മയക്കുമരുന്ന് ആയി രൂപാന്തരം പ്രാപിക്കുകയാണ്. വൈറ്റ്നര് വാങ്ങി അതിന്റെ മഷി സിഗരറ്റ് പാക്കറ്റുകള്ക്കുള്ളിലെ അലുമിനിയം ഫോയിലിന് മുകളില്‍ ഒഴിച്ചു തീയുടെ മുകളില്‍ കാണിച്ച് ഈ പുക തുടര്‍ച്ചയായി ഉള്ളിലേക്ക് വലിച്ചെടുക്കും. ഏറെ കഴിയും മുന്‍പ് തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇഫക്റ്റ് ലഭിക്കുമെന്ന് കുട്ടികള്‍ വെളിപ്പെടുത്തി.
കുപ്പിച്ചില്ലുപയോഗിച്ച് മോണയില്‍ മുറിവുണ്ടാക്കി ഉപയോഗിക്കുന്ന മയക്കുമരുന്നുകളും സജീവമാണ്. ചവയ്ക്കുന്ന രീതിയിലും മോണയില്‍ മുറിവിനൊപ്പം ചുണ്ടുകള്‍ക്കിടയില്‍ വയ്ക്കുന്ന തരത്തിലും ലഹരി വസ്തുക്കള്‍ സുലഭമാണെന്ന് കുട്ടികള്‍ തന്നെ വെളിപ്പെടുത്തുന്നു.
നിരോധിത പാന്മസാലകളും രഹസ്യമായി എത്തിച്ച് സുലഭമായി ലഭ്യമാകുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം പാന്മസാലകള്ക്കൊപ്പം കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ കലര്‍ത്തുന്നവരും ഗ്ലാസ് തരികള്‍ കലര്ത്തുന്നവരുമുണ്ട്. ഇത്തരത്തില്‍ ചവയ്ക്കുന്ന പാന്മസാലകളില് അടങ്ങിയ ഗ്ലാസ് തരികള്‍ വായ്ക്കുള്ളില്‍ ചെറിയ മുറിവുണ്ടാക്കുകയും ലഹരി വളരെ പെട്ടെന്നും ആഴത്തിലും തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു.
ക്ലാസിനുള്ളില്‍ പോലും മയക്കുമരുന്നും ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന കുട്ടികളുണ്ട്. സ്റ്റാമ്പുകളുടെയും നെയിം സ്ലിപ്പുകളുടെയും രൂപത്തില്‍ വരെ മയക്കുമരുന്നു ലഭിക്കുന്നുണ്ട്. സ്റ്റാമ്പ് രൂപത്തിലുള്ള വസ്തു നാവിനടിയില്‍ സൂക്ഷിച്ചാല്‍ തങ്ങള്‍ക്കാവശ്യമായ കിക്ക് ലഭിക്കുമെന്നാണ് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പറഞ്ഞത്. സിഗരറ്റ് വാങ്ങി വലിക്കുന്നതിന് പകരം സിഗരറ്റിനുള്ളിലെ പുകയില ചവയ്ക്കുന്നതാണ് മറ്റൊരു ട്രെന്‍ഡ്.
സോക്സിനുള്ളിലും ഷൂവിനുള്ളിലും ഹെല്മറ്റിനുള്ളിലും ഒക്കെയാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നത്. ചോറ് പാത്രത്തിനുള്ളില്‍ നിന്നു ലഹരി വസ്തുക്കള്‍ കണ്ടെടുത്ത സംഭവങ്ങള്‍ ഉണ്ട്. മയക്കുമരുന്ന് കടത്തുന്ന ലോബികളുടെ കണ്ണികളായ കുട്ടികള്‍ വസ്ത്രങ്ങളില്‍ പ്രത്യേക പോക്കറ്റുകള്‍ പിടിപ്പിച്ച് ലഹരിവസ്തുക്കള്‍ ഒളിച്ചുകടത്താറുമുണ്ടത്രേ.
കടത്തുകാരാകുന്ന കുരുന്നുകള്‍
അറിഞ്ഞും അറിയാതെയും കൊച്ചുകുട്ടികള്‍ മയക്കുമരുന്ന് കടത്തുന്ന ലോബികളുടെ ഭാഗമാകുന്നുണ്ട്. രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയിലും വൈകിട്ട് മടങ്ങുമ്പോഴും കുട്ടികളെ ഏല്‍പ്പിക്കുന്ന അവശ്യവസ്തു ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ തുച്ഛമായ പണവും ചോക്ലേറ്റും മറ്റുമാണ് സമ്മാനം.
മിക്കവരും കൈവശം ഉള്ളത് ലഹരിവസ്തുവോ മയക്കുമരുന്നോ എന്നറിയാതെയാണ് വാഹകര്‍ ആവുന്നത്. മുതിര്‍ന്ന കുട്ടികളെ സ്കൂളുകളില്‍ ശ്രദ്ധിക്കും എന്നതുകൊണ്ട് കൊച്ചു കുട്ടികളുടെ കൈവശം പൊതികള്‍ ഏല്‍പ്പിച്ച് മുതിര്‍ന്ന കുട്ടികള്‍ക്ക് കൈമാറുന്ന സാഹചര്യങ്ങളുമുണ്ട്. യു.പി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും മയക്കുമരുന്നിന് അടിമകളാണ് എന്ന ഞെട്ടിക്കുന്ന സത്യവും വെളിവാക്കപ്പെട്ടു.
പടിപടിയായി കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന മയക്കുമരുന്ന് ലോബികള്‍ ലഹരി കടത്തിന് പ്രതിഫലമായി ഒരു ഭാഗം പ്രതിഫലമായി നല്കാന് തുടങ്ങും. സൗജന്യമായി ലഭിക്കുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീടത് പണം കൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിതരാകും. പണം കിട്ടാതെവരുമ്പോള്‍ മോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാനും കുട്ടികള്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ ആവശ്യക്കാരുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നതാണ് മയക്ക് മരുന്ന് മാഫിയകളുടെ ബിസിനസ് തന്ത്രം.
അകപ്പെടുന്ന പെണ്‍കുട്ടികള്‍
അച്ഛനമ്മമാരുടെയും അധ്യാപകരുടെയും ശരിയായ സംരക്ഷണം കിട്ടാതെ വഴിതെറ്റിപ്പോകുന്ന കുട്ടികള്‍ മാത്രമല്ല, പല കാരണങ്ങള്‍ കൊണ്ട് മാനസികസമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും, ഡിപ്രഷനിലേക്ക് പോവുകയും ചെയ്യുന്ന കുട്ടികളും സ്വമേധയാ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എത്തിപ്പെടുന്നു.
അറിയാതെ മയക്കുമരുന്ന് ലോബികളുടെ കണ്ണികളായി മാറുന്ന കുട്ടികള്‍ പിന്നീട് ഭീഷണിക്ക് വശംവദരായി കുറ്റകരമായ തൊഴില്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.
സുഹൃത്തുക്കള്‍ ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തങ്ങള്‍ക്കും യാതൊരു പ്രശ്നവും വരില്ല എന്ന തെറ്റിദ്ധാരണയോടെയാണ് പല കുട്ടികളും ശീലം ആരംഭിക്കുന്നത്. പതിയെ ഇവരും മയക്കുമരുന്നിന് അടിമകളായി തീരും. അധ്യാപകരും രക്ഷകര്‍ത്താക്കളും അതീവ ജാഗ്രതയോടെ സ്വന്തം കുട്ടികളെ ശ്രദ്ധിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് പോകുന്ന കുട്ടികളെ തിരിച്ചറിയാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സാധിക്കൂ.
ലഹരിയുടെ വര്‍ണ്ണ കളറും വേറിട്ട രുചികളും
ഐസ്ക്രീമുകളില്‍ ലഹരിമരുന്ന് കലര്‍ത്തുന്നതായി അടുത്തിടെ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളില്‍ പുത്തന്‍ രൂപ ഭാവങ്ങളുമായാണ് ലഹരിമരുന്നു കലര്‍ത്തിയ ഐസ്ക്രീമുകളും സിപ്പ് അപ്പുകളും വിപണിയിലെത്തുന്നത്. പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലിപ്സ്റ്റിക് രൂപത്തിലുള്ള മിഠായികളും ഉണ്ട്.
ഒരു തവണ ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും ഇവ ആവശ്യപ്പെട്ട് കുട്ടികള്‍ എത്തും. സ്കൂള്‍ കുട്ടികളുടെ വാട്ടര്‍ ബോട്ടിലുകളില്‍ ലഹരിമരുന്ന് കലര്‍ത്തിയ കോള നിറച്ചു നല്കുന്ന സംഭവങ്ങളും അടുത്തിടെ കണ്ടെത്തിയിരുന്നു. വര്‍ണ്ണ കളറിലും വേറിട്ട രുചിയിലും കുട്ടികളെ ലഹരിയുടെ ലോകത്തേക്ക് വഴിതെളിക്കുകയാണ് ലഹരി മാഫിയ. കരുതിയിരിക്കുക...!
മയക്കുമരുന്നിന്റെയും ലഹരി ഉപയോഗത്തിന്റെയും കാര്യത്തില്‍ ആണ്‍കുട്ടികളെ മാത്രം ശ്രദ്ധിച്ചത് കൊണ്ടോ കുറ്റം പറഞ്ഞതുകൊണ്ടോ കാര്യമില്ല. പെണ്‍കുട്ടികളും ഇന്ന് മയക്കുമരുന്നിന്റെയും ലഹരിയുടെയും അടിമകളാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന പെണ്‍കുട്ടികളും രഹസ്യമായി മരുന്നു കടത്തി പണം സമ്പാദിക്കുന്ന പെണ്‍കുട്ടികളും ഏറെയുണ്ട്. പെര്‍ഫ്യൂം, ലിപ്സ്റ്റിക് തുടങ്ങിയവയുടെ രൂപത്തിലാണ് പെണ്‍കുട്ടികള്‍ മയക്കുമരുന്നുകള്‍ കരുതുന്നത്.
അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന ആള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്ക് മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിയാനാവില്ല. പെണ്‍കുട്ടികള്‍ കൂടുതലും ക്യാരിയര്‍മാരാണ്. അടിവസ്ത്രങ്ങള്ക്കുള്ളില് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്ന കാര്യം പല പെണ്‍കുട്ടികളും തുറന്നു പറഞ്ഞു. മൗത്ത് ഫ്രഷ്നറിന്റെ രൂപത്തിലും പെണ്‍കുട്ടികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്.
ജാഗരൂകരാകണം
കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്നതു പോലെയാണ് ഓരോ മാതാപിതാക്കളും ചിന്തിക്കുന്നത്. തങ്ങളുടെ മക്കള്‍ ഒരിക്കലും വഴിതെറ്റി പോവില്ല എന്ന് ഒരോ അച്ഛനമ്മമാരും വിശ്വസിക്കുന്നു. മക്കള്‍ പഠിക്കുന്ന സ്കൂളിലോ നാട്ടിലോ ഇത്തരത്തിലൊരു വാര്‍ത്ത കേട്ടാലും എന്റെ മകന് അല്ലെങ്കില്‍ മകള്‍ അതില്‍ പെടില്ല എന്ന തെറ്റിദ്ധാരണയാണ് ഓരോ അച്ഛനമ്മമാര്‍ക്കും ഉള്ളത്.
എന്നാല്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്ന് വെളിവാകുന്നത് മറിച്ചാണ്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ ഇത്തരത്തില്‍ വഴിതെറ്റി പോകുന്നത്.