
ബെംഗളുരു: മന്ത്രിസ്ഥാനം വെച്ചു നീട്ടി വിമതരെ അനുനയിപ്പിക്കാനുള്ള കോണഗ്രസിന്റെ അറ്റകൈ പ്രയോഗത്തില്‍ ഓപ്പറേഷന് ലോട്ടസിന് വാട്ടം. കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയിട്ടുണ്ട്. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ നിന്ന് തിരിച്ചെത്തിച്ച് മന്ത്രിസ്ഥാനം കൊടുത്ത് കൂടെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമമാണ് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ കരുനീക്കത്തിന്റെ ഭാഗമായി അഞ്ച് മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനത്യാഗത്തിന് തയാറായിട്ടുണ്ട്. നേതാക്കളായ ഡി.കെ. ശിവകുമാര്‍, കെ.ജെ. ജോര്‍ജ്, പ്രിയങ്ക് ഖര്‍ഗെ, കൃഷ്ണെ ബെരൈ ഗൗഡ, സമീര്‍ അഹമ്മദ് ഖാന് എന്നിവരാണ് സ്ഥാനത്യാഗത്തിന് തയാറായിരിക്കുന്നത്.
ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ 16 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഫലവത്താകൂ. എന്നാല്‍ മന്ത്രിസ്ഥാനം വെച്ചു നീട്ടി വിമതരെ ഒപ്പം നിര്‍ത്തിയാല്‍ ബിജെപിയുടെ നീക്കം വെള്ളത്തിലാകും. ഹരിയാന ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന ബി.എസ്. യെഡിയൂരപ്പ പാര്‍ട്ടി എംഎല്‍എമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടെയുള്ള എംഎല്‍എമാരുടെ എണ്ണം സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുടെ ഓപ്പറേഷന് താമരയ്ക്ക് ബദലായി ബിജെപി എംഎല്‍എമാരെ വലയിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.






