
കോഴിക്കോട്: സിപിഎമ്മിന് ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. ആരെയും ബലംപ്രയോഗിച്ച് കയറ്റണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും, തന്ത്രത്തിലൂടെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമമമെന്നും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ശബരിമലയിലേതു ധര്‍മ്മസമരമാണ്. ഇതില്‍ ജയമോ തോല്‍വിയോ ഇല്ലെന്നും സമാധാന മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരണോ വേണ്ടയോ എന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.






