
തൃശ്ശൂര്‍: ഇരുവിഭാഗവും ഒഴിയണമെന്ന കളക്ടറുടെ മുന്നിയിപ്പിനു പിന്നാലെ തൃശ്ശൂര്‍ മാന്ദാമംഗലം പള്ളി അടച്ചു. പള്ളിക്കകത്ത് കുത്തിയിരുന്ന ഓര്‍ത്തഡോക്സ് വിഭാഗം പുറത്തേക്ക് പോയതിനു പിന്നാലെ പള്ളിയുടെ മുന്‍വശത്തെ വാതില്‍ പൂട്ടുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പേരാണ് പള്ളിയില്‍ കുത്തിയിരുന്നത്. സമാധാനം പുന:സ്ഥാപിക്കാതെ ഇനി പള്ളി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.
തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുമായി ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടര്‍ ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഇരു വിഭാഗത്തോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
മാന്നാമംഗലം പള്ളിസംഘര്ഷത്തില് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യോഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പടെ 120 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഷപ്പാണ് ഒന്നാം പ്രതി.
വധശ്രമം കലാപശ്രമം വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ 30 ലേറെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, പോലീസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിഷ്പ്പ് പ്രതികരിച്ചു. തങ്ങള്‍ സഹനസമരമാണ് നടത്തിയതെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം അതാവശ്യപ്പെട്ടവര്ക്കെതിരെ ആക്രമണം നടത്തിയത്. പോലീസിനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.
അവകാശത്തെച്ചൊല്ലി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന പള്ളിയില്‍ ഇന്നലെ രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇരുവിഭാഗക്കാരും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം സമരം ചെയ്തത്. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.
അക്രമവും കല്ലേറും തുടങ്ങിയത് എതിര്‍വിഭാഗമാണെന്ന് പരസ്പരം ആരോപിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






