
കോട്ടയം: പാര്‍ലമെന്റ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനുളള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ഇറക്കുമതി സ്ഥാനാര്‍ത്ഥികളുടെ വരവില്‍ മുന്നണികളില്‍ ഭീതി. മമ്മൂട്ടി മുതല്‍ റീമാ കല്ലുങ്കല്‍ വരെയാണ് ഇത്തവണ സി.പി.എമ്മിന്റെ പരിഗണനാസ്ഥാനാര്ഥി പട്ടികയില്‍ ഉളളത്. പാര്‍ട്ടിക്കു വേണ്ടി വര്‍ഷങ്ങളായി വിറക് വെട്ടിയവരും വെളളം കോരിയവരുമൊക്കെ ഇത്തവണയും തെരഞ്ഞെടുപ്പ് കമ്മറ്റി കണ്വീനര്മാരായേക്കും.
തിരുവനന്തപുരം സീറ്റ് സി.പി.എമ്മിനു ലഭിച്ചാല്‍ ചാരക്കേസില്‍ കുറ്റവിമുക്തനായ നമ്പി നാരായണനെ മത്സരിപ്പിക്കുന്ന കാര്യവും സി.പി.എം. സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. കലാ സാഹിത്യ രംഗങ്ങളിലും സോഷ്യല്‍ മീഡിയായിലും സജീവമായവരെയാണു സി.പി.എം. ലക്ഷ്യമിടുന്നത്. ഇതോടൊപ്പം മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരോടും വേണ്ടി വന്നാല്‍ മത്സരത്തിനു തയാറാകണമെന്നു ചില ഉന്നത സി.പി.എം. നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ ഏറെ ഭയപ്പെടുന്നത്. കോണ്‍ഗ്രസില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ പതിവായതിനാല്‍ സംസ്ഥാന നേതാക്കളില്‍ പലരും അവഗണിക്കപ്പെടുന്നതു സാധാരണമാണ്. ഇത്തവണ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടു നേരിട്ട് അടുപ്പമുളള നാലു പേരെങ്കിലും നോമിനിയായി മത്സര രംഗത്ത് ഉണ്ടാകും. ഇതില്‍ രണ്ടു പേര് മാത്രമാണു സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിട്ടുളളത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണിയെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്വീനാറാക്കി നിയമിച്ചത് സ്ഥാനാര്‍ത്ഥിയായി ഇറക്കുമതി ചെയ്യുന്നതിന്റെ ആദ്യ പടിയാണെന്ന ആരോപണം ശക്തമായിരുന്നു. ഈ നിയമനത്തിനെതിരേ കോണ്‍ഗ്രസിലെ ചില യുവജന നേതാക്കള്‍ ഫെയ്സ് ബുക്കിലൂടെയും മറ്റും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ജയസാധ്യത കണക്കാക്കി സ്വതന്ത്രന്മാരെ സി.പി.എം. മത്സരിപ്പിക്കാറുണ്ട്.
കേന്ദ്രത്തില്‍ ഏതു വിധേയനേയും അധികാരം നില നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിജയ സാധ്യതയുളളവര്ക്കു മാത്രമാണ് സീറ്റ് നല്‍കുന്നതെന്നും അതിനാല്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് ഇത്തവണ പാര്‍ലമെന്ററി വ്യാമോഹം വേണ്ടന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നിന്നുളള നേതാക്കളോട് ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ബി.ജെ.പിയുടെ മൂന്നിലൊന്നു സ്ഥാനാര്‍ത്ഥികളെങ്കിലും ഇറക്കുമതിക്കാരായിരിക്കുമെന്നു ഉറപ്പാണ്. തിരുവനന്തപുരം സീറ്റിലേക്കു പ്രശ്സ്ത സിനിമാ താരം മോഹന്‍ ലാലിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. നടത്തിയ നീക്കവും ഇതിന്റെ ഭാഗമാണ്.






