മോസ്കോ: ഇന്ത്യക്കാരുള്പ്പെടെയുള്ളവരുമായി പോയ കപ്പലിന് റഷ്യന്‍ തീരത്ത് വച്ച് തീപിടിച്ച് 14 നാവികര്‍ മരിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമെ കപ്പല്‍ ജീവനക്കാരില്‍ ടര്‍ക്കിഷ്, ലിബിയന്‍ പൗരന്മാരും ഉണ്ടായിരുന്നു. റഷ്യയേയും ക്രീമിയയേയും വേര്‍തിരിക്കുന്ന കെര്‍ച് കടലിടുക്കില്‍ വച്ചാണ് കപ്പലുകള്‍ക്ക് തീപിടിച്ചത്.
റഷ്യന്‍ ജലാതിര്‍ത്തിയില്‍ വച്ചാണ് അപകടമുണ്ടായത്. ടാന്‍സാനിയന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്കാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കപ്പലില്‍ പ്രകൃതി വാതകവും മറ്റൊന്നില്‍ ടാങ്കറുമാണുണ്ടായിരുന്നത്. ടാങ്കര്‍ വഹിക്കുന്ന കപ്പലിലേക്ക് പ്രകൃതി വാതകം മാറ്റുമ്പോഴാണ് അപകടമുണ്ടായത്.
കപ്പലുകളിലൊന്നായ കാന്‍ഡിയില്‍ ഒന്‍പത് ടര്‍ക്കിഷ് പൗരന്മാരും എട്ട് ഇന്ത്യന്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. മാസ്റ്ററോ എന്ന രണ്ടാമത്തെ കപ്പലില്‍ ഏഴ് ടര്‍ക്കിഷ് പൗരന്മാരും ഏഴ് ഇന്ത്യക്കാരും ലിബിയയില്‍ നിന്നുള്ള ഒരു ട്രെയിനി ജീവനക്കാരനും ഉണ്ടായിരുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ താസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടുത്തത്തില്‍ 14 പേര് മരിച്ചതായി റഷ്യന്‍ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റവരെ ഇതുവരെ തീരത്ത് എത്തിക്കാനായിട്ടില്ല. ഇവരെ എത്തിച്ചാലുടന്‍ വിദഗ്ധ ചികിത്സ നല്കാന് കെര്ചിലെ ആശുപത്രികള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.






