
ന്യൂഡല്‍ഹി: ആദ്യ ഐ.പി.എല്‍ സീസണില്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചതിനെതിരെ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ശ്രീശാന്തുമായുള്ള സംഭവത്തിലാണ് ഹര്‍ഭജന്‍ സിങ് ഖേദം പ്രകടിപ്പിച്ചിരുന്നത്. ഏറെ വര്‍ഷങ്ങളുടെ കാലപ്പഴക്കമുള്ള സംഭവമായിരുന്നിട്ടു കൂടിയും ചെയ്തത് തെറ്റാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാജി.
ജീവിതത്തില്‍ ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റാണ് താന്‍ ചെയ്തതെന്നും, എന്നാല്‍ അതു പോലൊരു പ്രവര്‍ത്തി തന്റെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും താരം പറഞ്ഞു. ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ ഏറെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും എല്ലാവരുടേയും മുന്നില്‍ വച്ച് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഭാജി കുറ്റബോധം പ്രകടിപ്പിച്ചു. ആ സംഭവങ്ങള്‍ എപ്പോള്‍ ഓര്‍ത്താലും തനിക്ക് കുറ്റബോധം മാത്രമേ മനസ്സില്‍ തോന്നാറുള്ളുവെന്നും താരം വ്യക്തമാക്കി.
ജീവിതത്തില്‍ ഒരിക്കലെങ്കിലും തിരിച്ചുപോയി തെറ്റുതിരുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ താനത് എത്രയും വേഗം ചെയ്യുമായിരുന്നു താരം പറഞ്ഞു. 'ശ്രീശാന്തിനും ഭാര്യയ്ക്കും മക്കള്‍ക്കും എന്റെ ആശംസകള്‍ ഞാനിപ്പോഴും താങ്കളുടെ സഹോദരനാണ്'; ഹര്‍ഭജന്‍.
ഐ.പി.എല്ലിന്റെ ആദ്യ സീസണിനിടെ ഹര്‍ഭജന്‍ മുംബൈയ്ക്കു വേണ്ടി കളിച്ചരുന്നപ്പോള്‍ പഞ്ചാബിനു വേണ്ടി കളിച്ച ശ്രീശാന്ത്, മുംബൈയുടെ തുടര്‍ച്ചയായുള്ള തോല്‍വിയെ ചൊല്ലി കളിയാക്കിയതിനെ തുടര്‍ന്ന് പ്രകോപിതനായി മുഖത്തടിക്കുകയായിരുന്നു ഹര്‍ഭജന്‍. ഇതേതുടര്‍ന്ന് ശ്രീശാന്തിനോട് ഭാജി ക്ഷമ ചോദിച്ചിരുന്നെങ്കിലും അച്ചടക്ക നടപടിക്ക് താരം വിധേയനായിരുന്നു.







Comments