
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാര്‍ഥനായജ്ഞത്തില്‍ പി സി ജോര്‍ജും. പാര്‍ട്ടിയില്‍ നിന്ന് തമ്മിലടിച്ച്, കെ എം മാണിക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തി പുറത്തുപോയ പി സി ജോര്‍ജ്, ജോസഫിന്റെ പ്രാര്‍ഥനായജ്ഞത്തിനെത്തിയതോടെ, പാര്‍ട്ടിയില്‍ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി. മാണി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട തോമസ് ഉണ്ണിയാടന്, എന്‍ ജയരാജ് എന്നിവരും വേദിയിലുണ്ട്.
പാര്‍ട്ടി എംപിയായ ജോസ് കെ മാണി കേരളയാത്ര നടത്തുന്നതിനിടെയാണ് ഇന്ന് ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോസഫ് പ്രാര്‍ഥനായജ്ഞം നടത്തുന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് യജ്ഞം.
കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് ഇന്നലെ തുറന്നടിച്ചിരുന്നു. യുഡിഎഫിന്റെ ഭാഗമാകാനുള്ള നീക്കങ്ങള്‍ ജോര്‍ജ് നടത്തിവരുന്നതിനിടെയാണ് ജോസഫ് സംഘടിപ്പിച്ച പരിപാടിക്ക് ജോര്‍ജ് എത്തിയിരിക്കുന്നത്.






