കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്. 10.83 മില്യണ്‍ വാഹനങ്ങളാണ് 2018 ല്‍ ഫോക്സ്വാഗണ് ഡെലിവറി ചെയ്തത്. നിസാന്‍-റെനോ-മിറ്റ്സുബിഷി സഖ്യത്തെയും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെയുമാണ് ഫോക്സ്വാഗണ് പിന്നിലാക്കിയത്.
10.76 മില്യണ്‍ വാഹനങ്ങള്‍ നിസാന്‍-റെനോ-മിറ്റ്സുബിഷി സഖ്യത്തിന് വില്ക്കാന് കഴിഞ്ഞത്. ടൊയോട്ട മോട്ടോര്‍ കോര്പ്പറേഷന് വിറ്റതാകട്ടെ 10.59 മില്യണ്‍ വാഹനങ്ങളും. വാഹന നിര്‍മ്മാതാക്കള്‍ക്കിടയിലെ ശക്തമായ മല്‍സരം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വില്‍പ്പന കണക്കുകള്‍.
5.65 മില്യണ്‍ വാഹനങ്ങളാണ് 2018 ല്‍ നിസാന്‍ മോട്ടോര്‍ കോര്പ്പറേഷന് ആഗോളതലത്തില്‍ വിറ്റത്. നിസാന്റെ 43 ശതമാനം ഓഹരി കയ്യാളുന്ന ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 3.9 മില്യണ്‍ വാഹനങ്ങള്‍ വിറ്റു. എന്നാൽ, 1.2 മില്യണ്‍ വാഹനങ്ങളാണ് സഖ്യത്തിലെ മറ്റൊരു ജാപ്പനീസ് കമ്പനിയായ മിറ്റ്സുബിഷി വിറ്റത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 ല്‍ ടൊയോട്ടയുടെ വാഹന വില്‍പ്പന രണ്ട് ശതമാനം വര്‍ധിച്ചു. നിസാന്‍-റെനോ-മിറ്റ്സുബിഷി സഖ്യം 1.4 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. വാഹന നിര്‍മ്മാതാക്കളായ നിസാന്‍ നേരിട്ടത് മൂന്ന് ശതമാനത്തോളം ഇടിവാണ്. 18 ശതമാനം വില്‍പ്പന വളര്‍ച്ച നേടി മിറ്റ്സുബിഷി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു.






