
അന്റാര്‍ട്ടിക്ക കീഴടക്കിയ ആദ്യ ഇന്ത്യന്‍ ബൈക്കായി ബജാജ് ഡൊമിനര്‍ 400. മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റര്‍ പിന്നിട്ട് 99 ദിവസം കൊണ്ടാണ് മൂന്നു റൈഡര്‍മാര്‍ മോട്ടോര്‍ സൈക്കിളില്‍ അന്റാര്‍ട്ടിക്കയിലെത്തിയത്. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്.
പ്രതിദിനം ശരാശരി 515 കിലോമീറ്ററാണു സംഘം പിന്നിട്ടത്. ആര്‍ട്ടിക് സര്‍ക്കിളിലെ ജെയിംസ് ഡാല്‍റ്റന്‍ ഹൈവേയും കാനഡയിലെ ഡെംപ്സ്റ്റെര്‍ ഹൈവേയും ചിലെയിലെ അറ്റകാമ മരുഭൂമിയിലെ പാന്‍ അമേരിക്കന്‍ ഭാഗവും ബൊളിവിയയിലെ ഡെത്ത് റോഡും പോലെ ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ഘടവും അപകടം നിറഞ്ഞതുമായ പാതകള്‍ താണ്ടിയാണു സംഘം ദക്ഷിണ ധ്രുവത്തിലെത്തിയത്.
ബജാജ് ഓട്ടോ അടുത്തു തന്നെ നവീകരിച്ച 'ഡൊമിനര്‍ 400' ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്ന രീതിയിലായിരുന്നു 'ഡൊമിനറി'നെ അവതരിപ്പിച്ചത്. ബൈക്കിനു കരുത്തേകുക ഇപ്പോഴുള്ള 373.3 സി സി, നാലു വാല്‍വ്, ട്രിപ്ള്‍ സ്പാര്ക്, ഡി ടി എസ് ഐ എന്‍ജിനാവും. 35 ബി എച്ച് പിയോളം കരുത്തും 35 എന്‍ എം ടോര്‍ക്കമാണ് ഈ എന്ജിന് സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയര്‍ബോക്സാണു ട്രാന്സ്മിഷന്.






