
അഞ്ച് വയസ്സുള്ളപ്പോഴാണ് ആള് ഇന്ത്യ പിങ്കല്‍വാര ചാരിറ്റബിള്‍ സൊസൈറ്റി സന്നദ്ധ പ്രവര്‍ത്തകയായ പത്മിനി ശ്രീവാസ്തവയ്ക്ക് ഷാലുവിനെ കിട്ടുന്നത്. ഒരു പൊലീസുദ്യോഗസ്ഥനാണ് അവളെ പത്മിനിക്ക് കൈമാറുന്നത്. അവളുടെ മാതാപിതാക്കളെ അന്വേഷിച്ചു. പക്ഷെ, കണ്ടെത്താനായില്ല. ആ സമയത്ത് പത്മിനിയും ഭര്‍ത്താവും സൊസൈറ്റിയില്‍ പഠിപ്പിക്കാന്‍ പോകുന്നുണ്ട്. ആ സമയത്തൊക്കെ ആ കുഞ്ഞ് അസ്വസ്ഥമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു.
കാലം ഒരുപാട് മുന്നോട്ട് പോയി അന്നത്തെ ആ അഞ്ചു വയസ്സുകാരി വളര്‍ന്നു. ഇന്ന് ഷാലുവിന് 23 വയസ്സ്. അബുദാബിയില്‍ വെച്ച് മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ വേള്‍ഡ് ഗെയിമില്‍ അവള് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ്. സംസാരിക്കാന്‍ പ്രയാസമുണ്ടെങ്കിലും മിടുക്കിയായ ഒരു പവര്‍ ലിഫ്റ്ററാണ്. ഇപ്പോഴും അവള് പിംഗല്‍വാര ഹോമില്‍ തന്നെയാണ് താമസിക്കുന്നത്. ആദ്യം അത്ലറ്റിക്സിലാണ് ഷാലുവിന്റെ തുടക്കം. പതുക്കെ പതുക്കെ അവള് പവര്‍ ലിഫ്റ്റിങ്ങിലുള്ള തന്റെ താല്പര്യം അറിയിച്ചു. വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും അവള് നിരവധി സ്വര്‍ണ, വെള്ളിമെഡലുകള്‍ നേടിക്കഴിഞ്ഞിരുന്നു.
അബുദാബിയിലെ സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ 24 ഇനങ്ങളിലായി 7000 അത്ലറ്റിക്കുകളാണ് പങ്കെടുക്കുന്നത്. 2012ല്‍ ഷാലു പവര്‍ ലിഫ്റ്റിങ്ങില്‍ പരിശീലനം നേടിത്തുടങ്ങിയിരുന്നു. എന്നാല്‍, കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താല്പര്യം കുറഞ്ഞു. കോച്ച് എന്തിലെങ്കിലും പരിശീലനം നേടാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങി. പക്ഷെ, കുറച്ച് മാസങ്ങള്‍ക്ക് ശേഷം നടന്ന മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ അവള്‍ക്ക് ദേഷ്യമായി. ആ ദേഷ്യം ഭാരം ഉയര്‍ത്തുന്നതില്‍ കൊണ്ടു ചെന്നെത്തിച്ചു. അവിടെ നിന്നും ഷാലുവിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. '' ഷാലു കഠിനാധ്വാനം ചെയ്യും. രാജ്യത്തിനു വേണ്ടി സ്വര്‍ണം നേടും.'' പത്മിനി പറയുന്നു.






