
മൂന്നാര്‍/തിരുവനന്തപുരം: എംഎല്‍എ യുടെ ഭൂമി കയ്യേറ്റവും അധിക്ഷേപവും ഉള്‍പ്പെടെ മൂന്നാറില്‍ വിവാദമായ വിഷയങ്ങള്‍ വിശദമാക്കി ദേവീകുളം സബ് കളക്ടര്‍ രേണുരാജ് ഇന്നു െഹെക്കോടതിക്കു കത്തുനല്‍കും. കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010-ലെ െഹെക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും രേണു രാജ് പറഞ്ഞു. ''അവള് ബുദ്ധിയില്ലാത്തവള്..., ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു...'' എന്നിങ്ങനെയാണ് രേണുരാജിനെ രാജേന്ദ്രന് അധിക്ഷേപിച്ചത്. ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ രേണു രാജ് അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇന്നലെ രേഖാമൂലം റിപ്പോര്‍ട്ടും നല്കി.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ് എസ്. രാജേന്ദ്രന് എം.എല്‍.എയുടെ മോശം പെരുമാറ്റം വന്നത്. സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെ, ''അവള്'' എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന് ആവര്‍ത്തിച്ചു.
സ്ത്രീശാക്തീകരണത്തിന്റെ പക്ഷത്തെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍നിന്നു തിരുവനന്തപുരത്ത് ഡി.സി.പി. െചെത്ര തെരേസ ജോണിനുണ്ടായ ദുരനുഭവത്തിനു പിന്നാലെ സബ് കലക്ടര്‍ രേണുവിനെ സി.പി.എം. എം.എല്‍.എയായ രാജേന്ദ്രന് അധിക്ഷേപിച്ചതു സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രാജേന്ദ്രനെ തള്ളിപ്പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്, രാജേന്ദ്രനോടു വിശദീകരണം ചോദിച്ചു ജയചന്ദ്രന് കത്ത് നല്കി. െകെയേറ്റങ്ങള്ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളില്‍ പാര്‍ട്ടി ഇടപെടില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ഉദ്യോഗസ്ഥയ്ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പിന്തുണ നല്കി. കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച സബ് കലക്ടറുടെ നടപടി നിയമാനുസൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദീകരണം ചോദിക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ് ഗത്യന്തരമില്ലാതെ രാജേന്ദ്രന് ഖേദപ്രകടനം നടത്തിയത്. അപ്പോഴും, സബ് കലക്ടറുടെ പേര് പരാമര്‍ശിച്ചില്ല. പഞ്ചായത്തിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദത്തിനിടെ എസ്.രാജേന്ദ്രന് എം.എല്‍.എയുടെ സ്ഥലം പട്ടയഭൂമിയോ െകെയേറ്റഭൂമിയോ എന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്കാന് സബ് കലക്ടര്‍ രേണുരാജ്, കെ.ഡി.എച്ച്. വില്ലേജ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
ഇന്നു തിരുവനന്തപുരത്തു ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം സി.പി.ഐ. ഉന്നയിക്കുമെന്നാണു സൂചന. ഉദ്യോഗസ്ഥരോടു മോശം പരാമര്‍ശം നടത്തിയതായി രാജേന്ദ്രനെതിരേ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ട്. പഠിച്ചിട്ട് പ്രതികരിക്കാം എന്നതിനപ്പുറം ഒന്നും പറയാന്‍ ഇടുക്കിയില്‍നിന്നുള്ള മന്ത്രി എം.എം. മണി തയാറായില്ല. 2007 ലെ മൂന്നാര്‍ ദൗത്യം അട്ടിമറിച്ചത് സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രാദേശിക നേതൃത്വമായിരുന്നു. െകെയേറ്റങ്ങള്ക്കെതിരേ ശക്തമായ നടപടിയെടുത്ത സബ് കലക്ടര്‍മാരായ ശ്രീറാം വെങ്കിട്ടരാമനേയും വി.ആര്. പ്രേംകുമാറിനേയും തെറിപ്പിച്ചിരുന്നു. പിന്‍ഗാമിയായ രേണുരാജും െകെയേറ്റത്തിനെതിരേ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്.






