
ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരേ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട്. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് കൈമാറും. പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തന നീക്കം കോടതിവിധിയുടെ ലംഘനമാണെന്നും സ്റ്റോപ്പ് മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി കോടതിയലക്ഷ്യമായി പരിഗണിക്കണമെന്നുമുള്ള റിപ്പോര്‍ട്ട് എജി ഓഫീസിന് കൈമാറി. പഞ്ചായത്തിന്റെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന് എംഎല്‍എ യ്ക്ക് എതിരേയും പരാമര്‍ശമുണ്ട്. പഞ്ചായത്ത് നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എ യുടെ സാന്നിദ്ധ്യത്തില്‍ ആണെന്ന് പറയുന്നു. അതേസമയം കളക്ടര്‍ക്കെതിരേ നടത്തിയ വ്യക്ത്യാധിക്ഷേപം റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടില്ല. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ചാണ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിനെതിരേ എംഎല്‍എ രംഗത്ത് വരികയും കളക്ടറെ വ്യക്തി അധിക്ഷേം നടത്തുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു.
കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി. തുടര്‍ന്ന് കളക്ടര്‍ക്കെതിരേ വ്യക്തിപരമായ അധിക്ഷേപവും എംഎല്‍എ നടത്തി. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഇതിന്മേലായിരുന്നു സ്റ്റോപ്പ് മെമ്മോ കളക്ടര്‍ നല്‍കിയത്.





