
എത്ര മുതിര്‍ന്നാലും പലരും ഭയക്കുന്ന ഒന്നാണ് ഇന്ജെക്ഷനുകള്. എന്നാല്‍ വേദനിപ്പിച്ചുള്ള ഇന്ജെക്ഷനുകള്ക്ക് വിട പറയാം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിഴുങ്ങാന്‍ സാധിക്കുന്ന ഇന്‍ജെക്ഷനുകള്‍ക്കുള്ള സാങ്കേതിക വിദ്യ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടമെന്ന നിലയില്‍ ഇവ മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പയറുമണിയുടെ വലിപ്പമുള്ള കാപ്സ്യൂളിനുള്ളില്‍ അടക്കം ചെയ്താണ് മരുന്ന് നല്‍കുന്നത്. ഗുളിക രൂപത്തിലുള്ള ഈ ഇന്ജെക്ഷന് ഉപകരണം വിഴുങ്ങിയാല്‍ അത് ആമാശയത്തിന്റെ ഭിത്തിയില്‍ കൃത്യ സ്ഥാനത്ത് തന്നെ മരുന്ന് കുത്തി വയ്ക്കും. മസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ശ്രമത്തിന് പിന്നില്‍. ദഹിക്കുന്ന കുത്തിവെപ്പിലൂടെ ആമാശയത്തിനകത്ത് ഇന്‍സുലിന്‍ ആഗിരണം ചെയ്യുമ്പോള്‍ മറ്റ് ദോഷങ്ങളുണ്ടാകരുതെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ. ഗിയോവാനി ട്രവേഴ്സോ പറഞ്ഞു. ആമാശത്തിലെ പേശികള്‍ക്ക് കനം കൂടുതല്‍ ഉള്ളതിനാല്‍ ചെറിയ കുത്തിവെപ്പ് കൊണ്ട് പേടിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പന്നികളിലായിരുന്നു പരീക്ഷണം. അവയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ കുത്തി വെപ്പിനു ശേഷമുള്ള അതേയളവില്‍ കുറഞ്ഞുവെന്ന് ഗവേഷകര്‍ പറയുന്നു. ഇന്‍സുലിന്‍ ആഗിരണം പൂര്‍ത്തിയായാല്‍ അവശേഷിക്കുന്ന ഭാഗങ്ങള്‍ വിസര്‍ജ്യത്തിലൂടെ പുറത്തു പോകും. ദഹന വ്യവസ്ഥയിലെ രാസ വസ്തുക്കളുമായി എളുപ്പം പ്രവര്‍ത്തിച്ച് നശിക്കുന്ന ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഗുളിക രൂപത്തില്‍ കഴിക്കാന്‍ ഉപകരണം ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആമാശയത്തിലെത്തിയാല്‍ കുത്തിവെപ്പെടുക്കാന്‍ സൂചി ശരിയായ ദിശയില്‍ വരണം. ഇതിനായി ആഫ്രിക്കയില്‍ കാണുന്ന ലിയോപാഡ് ആമയുടെ ആകൃതിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉപകരണം നിര്‍മിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഏത് രീതിയില്‍ ഇട്ടാലും നേരെ വരുമെന്നതാണ് ഈ ആമയുടെ സവിശേഷത.
മൂര്‍ച്ചയേറിയ അഗ്രത്തോട് കൂടി ഖര രൂപത്തിലാക്കിയ ഇന്‍സുലിന്‍ ഉപയോഗിച്ചാണ് സൂക്ഷ്മമായ സൂചി ഇതില്‍ വികസിപ്പിചിക്കുന്നത്. പഞ്ചസാരയുടെ പരലില്‍ ചെറിയ സ്പ്രിങ് ഘടിപ്പിച്ചാണ് കുത്തിവെപ്പിനായി ഊര്‍ജം പകരുന്നത്. ആമാശയത്തിലെ ആസിഡുകളുടെ പ്രവര്‍ത്തനത്താല്‍ ഈ ഡിസ്ക് ലയിച്ചില്ലാതാകുമ്പോള്‍ സ്പ്രിങ് വലിഞ്ഞ് സൂചിയെ മുന്നോട്ട് തള്ളും. ഇത് ആമാശയ ഭിത്തിയില്‍ തറയ്ക്കുന്നതോടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും. രാവിലെ ആഹാരത്തിന് മുന്‍പ് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. പരീക്ഷണങ്ങള്‍ മൃഗങ്ങളില്‍ പാര്‍ശ്വ ഫലങ്ങളുണ്ടാക്കിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.






