
ന്യൂഡല്‍ഹി : അനില്‍ അംബാനിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള സുപ്രീംകോടതി ഉത്തരവ് കോടതി ജീവനക്കാര്‍ ഹാജരാകേണ്ടതില്ല എന്നാക്കി തിരുത്തി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടു. ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയ കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് എതിരെ എറിക്സന് ഇന്ത്യ നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിനാണ് നടപടി. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പെടുവിച്ച വധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു.
ജഡ്ജിമാരുടെ അറിവില്ലാതെയാണ് സുപ്രീംകോടതി വെബ്സൈറ്റില്‍ അംബാനിക്ക് ആശ്വാസം പകരുന്ന ഉത്തരവ് അപ്ലോഡ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.






