
കൊച്ചിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്ത മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലിന് സമ്മാനമായി നല്‍കിയത് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. കൊച്ചിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അര്‍ബന്‍ ലോക്കോമോട്ടോ എന്ന പുതിയ സ്റ്റോറാണ് താരം ഉദ്ഘാടനം ചെയ്തത്. നിലവില്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും പുതിയ മോഡലാണ് ഇന്റര്‍സെപ്റ്റര്‍.
2.50 ലക്ഷം രൂപ മുതലാണ് കേരളത്തില്‍ ഇന്റര്‍സെപ്റ്ററിന്റെ എക്സ്ഷോറൂം വില. അറുപതുകളില്‍ വിപണിയിലുണ്ടായിരുന്ന പഴയ ഇന്റര്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുറത്തിറങ്ങിയ ഒരു ക്ലാസിക് റോഡ്സ്റ്റര്‍ മോഡലാണിത്. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജിടി എന്നീ രണ്ടു മോഡലുകള്‍ ഒന്നിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നത്.
നിറങ്ങളിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ബേസ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഇന്റര്‍സെപ്റ്ററിനുള്ളത്. ഇതില്‍ ഡ്യുവല്‍ ടോണിലുള്ള കസ്റ്റം മോഡലാണ് ഫഹദിന് സമ്മാനിച്ചത്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്.






