
ശ്രീനഗര്‍: ഇന്ത്യ ഇതുവരെ നേരിട്ട ഏറ്റവും ശക്തമായ ഭീകരാക്രമണത്തിന് പുല്‍വാമ വേദിയായെങ്കിലും തീവ്രവാദികള്‍ക്കും പാകിസ്താനും ശക്തമായ മറുപടി നല്കി കശ്മീര്‍ യുവത. 40 സൈനികര്‍ക്ക് ജീവന് നഷ്ടമായ ചാവേര്‍ ആക്രമണം നടന്ന് ഒരാഴ്ച പിന്നിടും മുമ്പായി നടന്ന സൈനിക റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് കശ്മീരി യുവാക്കള്‍. ബാരാമുള്ളാ ജില്ലയില്‍ നടന്ന റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തത് 3,000 കശ്മീരി യുവാക്കളായിരുന്നു. കനത്ത മഞ്ഞിനെയും തണുപ്പിനെയും അവഗണിച്ചാണ് ഇവര്‍ നീണ്ട ക്യൂവില്‍ നിന്നത്.
വെറും 111 ഒഴിവുകളിലേക്കാണ് ഇത്രയും പേര് എത്തിയത്. പലരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. സൈനികനാകുക എന്നത് തന്റെ ചെറുപ്പം മുതലുള്ള സ്വപ്നമായിരുന്നു എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ബാരാമുള്ള, കുപ്വാര, ബന്ദിപോര ജില്ലകളിലായി ഇന്നലെ തുടങ്ങിയ റിക്രൂട്ട്മെന്റ് റാലി വെള്ളിയാഴ്ചയാണ് സമാപിക്കുക. റാലിയില്‍ പങ്കെടുക്കുന്ന പലര്‍ക്കും ജോലി മാത്രമല്ല. സൈന്യത്തില്‍ എത്തുന്നതിലൂടെ രാജ്യസേവനവും ഇന്ത്യയോടുള്ള കൂറ് പ്രകടമാക്കാന്‍ വേണ്ടിയുള്ള അവസരവുമായിട്ടാണ് പലരും റാലിക്കായി പ്രതീക്ഷയോടെ എത്തുന്നത്.
ചിലര്‍ ഉറിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്നും വന്നവരാണ്. ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും ടെറിടോറിയല്‍ ആര്‍മിയില്‍ കിട്ടിയാല്‍ പോലും പോകുമെന്ന അവസ്ഥയിലുമാണ് പലരും. ഇതിനൊപ്പം സൈന്യത്തില്‍ സീറ്റ് കൂട്ടണമെന്നും പലര്‍ക്കും അഭിപ്രായമുണ്ട്്്. കശ്മീര്‍ താഴ്വാരത്ത് വിവിധ ഇടങ്ങളില്‍ റാലി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൈന്യത്തോട് പലരും നന്ദിയും രേഖപ്പെടുത്തുന്നുണ്ട്്. ഫെബ്രുവരി 14 നായിരുന്നു 40 സിആര്‍പിഎഫ് ഭടന്മാര് കൊല്ലപ്പെട്ട ചാവേര്‍ ആക്രമണം ഉണ്ടായത്. പാകിസ്താന് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ സ്ഫോടനം രാജ്യത്തുടനീളം എതിര്‍പ്പ് വിളിച്ചു വരുത്തിയിരിക്കുകയാണ്.
അതിന് പിന്നാലെ പുല്‍വാമ ആക്രമണത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരി ഭീകരരായ മക്കളോട് കീഴടങ്ങാന്‍ ആവശ്യപ്പെടാന്‍ നേരത്തേ സൈന്യം കശ്മീരിലെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.






