
തിരുവനന്തപുരം : 49 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടന്, നടി, സംവിധായകന്, സിനിമ എന്നി വിഭാഗങ്ങളിലേയ്ക്കുള്ള പുരസ്കാരങ്ങള്‍ ഉച്ചയ്ക്ക് 12 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് പ്രഖ്യാപിക്കും.
104 ചിത്രങ്ങളാണ് ഇക്കുറി ചലച്ചിത്ര പുരസ്കാരത്തിനായി മത്സരിക്കുക. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് ഉര്‍വശ്ശി (അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്), മഞ്ജുവാര്യര്‍ (ആമി, ഒടിയന്), അനു സിതാര (ക്യാപ്റ്റന്‍, നീയും ഞാനും), ഐശ്വര്യലക്ഷ്മി (വരത്തന്), എന്നിവരും മത്സരത്തിനുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍ മോഹന്‍ലാല്‍ (ഒടിയന്, കായംകുളം കൊച്ചുണ്ണി), ഫഹദ് (കാര്‍ബണ്‍, ഞാന്‍ പ്രകാശന്), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), ജോജു ജോസഫ് (ജോസഫ്) എന്നിവരാണ് ഇടംനേടിയിരിക്കുന്നത്.
പ്രമുഖ സംവിധായകന് കുമാര്‍ സാഹ്നിയാണ് ജൂറി ചെയര്മാന്. സംവിധായകരായ ഷെറി ഗോവിന്ദന്, ജോര്‍ജ് ജിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്, നിരൂപകരായ വിജയകൃഷ്ണന്, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന് പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാനായര്‍ എന്നിവരും ജൂറി അംഗങ്ങളില്‍ പെടുന്നു.






