അഹമ്മദാബാദ്: രണ്ട് വിരലുകള്‍ മാത്രം ഉപയോഗിച്ച് എടി.എമ്മില്‍ വന്‍ തട്ടിപ്പ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്ത് സ്വദേശിയായ ഹരീഷ് പട്ടേല്‍ പിടിയിലായി. 2018 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഒന്നിലേറെ തവണ നടത്തിയ തട്ടിപ്പിലൂടെ 1.54 ലക്ഷം രൂപ തട്ടിയെടുത്തു.
സൂറത്തിലെ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടേല്‍ കുടുങ്ങിയത്. ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന പണവും ഇടപാടുകളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതോടെയാണ് മാനേജര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹരീഷ് പട്ടേലിന്റെ എ.ടി.എം ഇടപാടുകളില്‍ സംശയം തോന്നി ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടുവെങ്കിലും മെഷീന് തകരാറിനെ തുടര്‍ന്ന് തനിക്ക് പണം ലഭിച്ചില്ലെന്ന് ഇയാള്‍ 11 തവണ ബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാങ്ക് ഇയാളുടെ അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ട പണം ഇട്ടുനല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പണം പിന്‍വലിച്ച ശേഷമാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. പിന്‍വലിക്കാനുള്ള തുക അടിച്ചു നല്കിയ ശേഷം ട്രേ അടച്ചുപിടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
ക്യാഷ് ഡിസ്പെന്സര് ട്രേ അടച്ചുപിടിക്കുന്നതോടെ ഇടപാട് പരാജയപ്പെട്ടതായി കാണിക്കും. എന്നാല്‍ പണം പുറത്തേക്ക് വരികയും ചെയ്യും. ഇത്തരത്തില്‍ പുറത്തേക്ക് വരുന്ന പണം കൈക്കലാക്കുകയും ഇടപാട് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ബാങ്കില്‍ പരാതി നല്കി വീണ്ടും പണം കൈക്കലാക്കുകയുമാണ് ചെയ്തിരുന്നത്. ഹരീഷ് പട്ടേല്‍ പണം പിന്‍വലിച്ചിരുന്ന എ.ടി.എമ്മുകളിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതില്‍ നിന്നുമാണ് തട്ടിപ്പിന്റെ രീതി വ്യക്തമായത്.
10000 മുതല്‍ 15000 രൂപ വരെയാണ് ഓരോ തവണയായി ഇയാള്‍ പിന്‍വലിച്ചിരുന്നത്. ഹരീഷ് പട്ടേലിനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ ചില തട്ടിപ്പ് സംഘങ്ങള്‍ ഹരീഷ് പട്ടേലിന്റെ രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇയാള്‍ ഈ തട്ടിപ്പ് രീതി എവിടെ നിന്ന് പഠിച്ചതാണെന്നും വന്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.






