
കൊച്ചി: സീറോ മലബാര്‍ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയ ഭൂമി കുംഭകോണവും തുടര്‍ന്ന് എറണാകുളം -അങ്കമാലി അതിരൂപത നേരിട്ട വലിയ കടബാധ്യതയും പരിഹരിക്കാന്‍ അതിരൂപതയില്‍ വീണ്ടും ഭൂമി വില്പന. 11 ഏക്കര്‍ ഭൂമി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്കാണ് വിറ്റത്. സെന്റിന് 6.60 ലക്ഷം രൂപ വിലയിട്ടാണ് വില്പന.
കാക്കനാട് ബിജോ ഭവന് സമീപമുള്ള 11ഏക്കര്‍ ഭൂമിയാണ് വിറ്റത്. അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടേയും വൈദിക സമിതിയുടെയും അനുമതിയോടെയാണ് ഇത്തവണത്തെ ഭൂമി വില്പന നടന്നത്.
നേതൃത്വത്തിന്റെ പിടിപ്പുകേടും നിയമവിരുദ്ധവുമായ ഇടപാടുകളുംകൊണ്ട് അതിരൂപതയ്ക്കു 95 കോടി രൂപയോളം കടബാധ്യതയാണ് വന്നുചേര്‍ന്നത്. അതില്‍ 75 കോടിയോളം കൊടുത്തുതീര്‍ക്കാന്‍ പുതിയ വില്പന കൊണ്ട് കഴിഞ്ഞതായി അതിരൂപതയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് പലിശ ഇനത്തില്‍ അതിരൂപത ബാങ്കുകളില്‍ അടച്ചുകൊണ്ടിരുന്നത്. 75 കോടി അടച്ചുതീര്‍ത്തതോടെ വായ്പകള്‍ ഒരു പരിധിവരെ തീര്‍ന്നുവെന്നും അതിരൂപതയ്ക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്നും ഒരു മുതിര്‍ന്ന വൈദികന് പ്രതികരിച്ചു.
2016ല്‍ നടന്ന ഭൂമി ഇടപാടും സാമ്പത്തിക ക്രമക്കേടുകളുമാണ് അതിരൂപതയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്ന് തള്ളിയത്. വൈദിക സമിതിയോ അതിരൂപതയിലെ മറ്റ് സമിതികളോ അറിയാതെയാണ് ഭൂമി വില്പന നടന്നതെന്ന് ആരോപിച്ച് വൈദികര്‍ ഒന്നടങ്കം രംഗത്തെത്തുകയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സഭ അതുവരെ കണ്ടിട്ടില്ലാത്ത അസാധാരണമായ പ്രതിഷേധങ്ങളിലൂടെയായിരുന്നു അതിരൂപത കടന്നുപോയത്.
ഭൂമി വില്പന ചോദ്യം ചെയ്ത് നിരവധി പരാതികള്‍ പോലീസിനും കോടതികളിലുമെത്തി. ഹൈക്കോടയില്‍ എത്തിയ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇടനിലക്കാരന്, രണ്ട് വൈദികര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ ഉത്തരവും വന്നിരുന്നു. ഹര്‍ജി സമര്‍പ്പിച്ചതിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ഈ വിധി പിന്നീട് ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.
അതിനിടെ, സഭാനേതൃത്വത്തിനെതിരെ നിരവധി പരാതികള്‍ വത്തിക്കാനിലും എത്തി. കോടതി ഇടപെടല്‍ കൂടി വന്നതോടെ കേസിന്റെ ഗൗരവം മനസ്സിലാക്കിയ വത്തിക്കാന്‍ കര്‍ദ്ദിനാളിനെ എറണാകുളം- അങ്കമാലി അതിരുപതയുടെ ഭരണപരമായ ചുമതലകളില്‍ നിന്ന് നീക്കി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിക്കുകയും ചെയ്തിരുന്നു. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ അധികാരങ്ങളും നല്‍കിയായിരുന്നു നിയമനം.
എറണാകുളം നഗരത്തിലെ ഹൃദയ ഭാഗത്ത് അതിരൂപതയുടെ പേരിലുണ്ടായിരുന്ന പ്ലോട്ടുകളാണ് കേട്ടുകേള്‍വി പോലുമില്ലാത്ത തുച്ഛമായ വിലയ്ക്ക് ഇടനിലക്കാര്‍ വഴി 2016ല്‍ വിറ്റത്. അതിരൂപതയ്ക്കു മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുന്നതിനു വേണ്ടി മറ്റൂരില്‍ ഭൂമി വാങ്ങിയ വകയില്‍ വന്ന കടം വീട്ടുന്നതിനായിരുന്നത്രേ കണ്ണായ സ്ഥലത്തെ മൂന്നു പ്ലോട്ടുകള്‍ വിറ്റത്. 3.3 ഏക്കറോളം സ്ഥലം 27 കോടിക്ക് വില്ക്കാന് ഇടനിലക്കാരനെ ഏല്പിച്ചുവെന്നാണ് സംഭവം പുറത്തുവന്നതോടെ അധികാരികള്‍ പറഞ്ഞത്. എന്നാല്‍ ഒമ്പത് കോടി രൂപ പോലും അതിരൂപതയുടെ അക്കൗണ്ടില്‍ എത്തിയിരുന്നില്ല എന്നതാണ് വാസ്തവം.
പൊതുവിപണിയില്‍ 100 കോടിയോളം വിലയുള്ള ഭൂമിയാണ് ഒമ്പത് കോടിക്ക് വിറ്റതെന്ന ആരോപണം ഉയര്‍ന്നതോടെ കള്ളപ്പണത്തിന്റെ ഇടപാടു സംബന്ധിച്ചും പണം വകമാറ്റിയതായും ആരോപണവും ഉയര്‍ന്നു. ഇടനിലക്കാരന് പണം നല്‍കിയില്ല എന്ന വാദമാണ് കര്‍ദ്ദിനാള്‍ ഉയര്‍ത്തിയത്. പകരമായി ഭൂമി എഴുതി വാങ്ങിയെന്ന് അധികൃതര്‍ പറയുമ്പോള്‍ ആ ഭൂമിയുടെ രജിസ്ട്രേഷനും കോടികള്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തുവെന്ന വാര്‍ത്തയും പിന്നാലെ പുറത്തുവന്നു.
കോതമംഗലത്തും മറ്റു ചിലയിടങ്ങളിലുമായിരുന്നു ഭൂമി പകരമായി ലഭിച്ചത്. ഇതില്‍ ചിലവ പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ ആയിരുന്നുവെന്നും മറിച്ചുവില്‍ക്കാന്‍ പോലും കഴിയാത്ത ആണെന്നും ആരോപണമുയര്‍ന്നു. വിവാദങ്ങള്‍ മൂര്ച്ഛിക്കുന്നതിടെ വിധി ബാങ്കുകളില്‍ അതിരൂപതയുടെ കടം കുതിച്ചുയരുകയായിരുന്നു. 95 കോടി രൂപയായി ഉയര്‍ന്ന കടത്തില്‍ മാസം 80 ലക്ഷത്തോളം രൂപയാണ് പലിശയായി നല്കിക്കൊണ്ടിരുന്നത്.
അതിരൂപതാ സമിതികളെല്ലാം മരവിപ്പിച്ച് ഭൂമി വില്പനയ്ക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നടപടിയെടുത്തു. കഴിഞ്ഞ ഒക്ടോബറില്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും അത് സഭയുടെ ചട്ടങ്ങള്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ വില്പന കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ വില്പനയ്ക്ക് അനുമതി ലഭിക്കേണ്ട സമിതികള്‍ രൂപീകരിച്ച അഡ്മിനിസ്ട്രേറ്റര്‍ കോടതിയില്‍ നിന്നുള്ള സ്റ്റേ നീക്കിയാണ് വില്പന പൂര്‍ത്തിയാക്കിയത്.
കത്തോലിക്കാ സഭയിലെ സമ്പന്ന രൂപതകളില്‍ ഒന്നായിരുന്ന എറണാകുളം-അങ്കമാലി അതിരൂപതയെ പാപ്പരാക്കിയ നടപടിയായിരുന്നു വിവാദ ഭൂമി ഇടപാടിലൂടെ ഉണ്ടായത്. കള്ളപ്പണവും നികുതിവെട്ടിപ്പും ഇടപാടില്‍ നടന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെ കര്‍ദ്ദിനാളിനെ ആദായ നികുതി വകുപ്പ് ആറു മണിക്കൂറോളം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവവും നടന്നത്. കേസുകള്‍ കോടതിയിലും മറ്റും നടക്കുമ്പോള്‍ രാജ്യത്തിന്റെ നിയമത്തേക്കാള്‍ ദൈവത്തിന്റെ നിയമമാണ് പാലിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ നടത്തിയ പരാമര്‍ശവും വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.