
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ടായാണ് രേഖപ്പെടുത്തിയത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും കെഎസ്ഇബി അറിയിച്ചു.
ചൂട് കടുത്തതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗമാണ് വൈദ്യുതി കുതിച്ചുയരാന്‍ പ്രധാന കാരണമായത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ ആവശ്യകത നിറവേറ്റാന്‍ പുറത്തുനിന്ന് വന്‍തോതില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത വരും മാസങ്ങളിലെ ഇന്ധന സര്‍ചാര്‍ജില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായേക്കാം. ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ബോര്‍ഡ് കടുത്ത പരിശ്രമത്തിലാണ്.
വൈദ്യുതി വിതരണത്തില്‍ തടസങ്ങള്‍ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകള്‍ അണയ്ക്കാനും, മോട്ടോര്‍, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കാനും ബോര്‍ഡ് അഭ്യര്‍ഥിച്ചു.






