
പനാജി: മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുയര്‍ത്തി വീണ്ടും കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ദ് കാവ്ലേക്കറാണ് അവകാശവാദമുയര്‍ത്തിയത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് കത്തുനല്‍കി.
മനോഹര്‍ പരീക്കര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നിയമസഭയിലും സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തുന്നു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖ ബാധിതനായതോടെ ഗോവയില്‍ ഭരണ സ്തംഭനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഗോവ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്. അതേസമയം ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ മരണപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും കോണ്‍ഗ്രസ് ചുണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടെന്നാണ് കാവ്ലേക്കറുടെ അവകാശവാദം.





