
ന്യുഡല്‍ഹി: രാജ്യത്ത് ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാല്‍ പ്രഖ്യാപനം ഉടന്‍. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച് വിജ്ഞാപനം നടന്നേക്കുമെന്നാണ് സൂചന. സുപ്രീം കോടതി മുന്‍ ജഡ്ജി പി.സി ഘോഷിനെ (പിനാകി ചന്ദ്ര ഘോഷ്) ആദ്യ ലോക്പാല്‍ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ലോക്സഭാ സ്പീക്കര്‍, നിയമരംഗത്തെ പ്രമുഖര്‍ എന്നിവരുള്‍പ്പെടുന്ന സെലക്ഷന് കമ്മിറ്റിയാണ് ലോക്പാല്‍ നിയമന പട്ടിക പരിശോധിക്കുന്നത്. ചുരുക്ക പട്ടികയില്‍ മുന്‍നിരയിലുള്ളയാളാണ് പി.സി ഘോഷ്.
ലോക്പാല്‍ ആക്ട് കൊണ്ടുവന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് നിയമനം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. പൊതുപ്രവര്ത്തരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും ദുര്‍ഭരണവും സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ് ലോക്പാല്‍.
നിലവിലുള്ളതും മുന്‍കാലത്തേയും പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സര്‍ക്കര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാര്‍, പത്തുലക്ഷത്തിലധികം രൂപ വാര്‍ഷിക വിദേശ സംഭവന സ്വീകരിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവര്‍ക്കെല്ലാം എതിരായ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള അധികാരം നിയമം ലോക്പാലിന് നല്കുന്നു.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതോറിറ്റിയാണ് ലോക്പാല്‍. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനും അഴഇമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാനും അധികാരമുണ്ട്.
അതേസമയം, ലോക്പാല്‍ നിയമത്തില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെ സെലക്ഷന് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വോട്ടവകാശം നല്‍കിയിരുന്നില്ല. 'ശബ്ദമില്ലാത്ത' പ്രതിപക്ഷമായിരിക്കാന്‍ മാത്രമാണ് കഴിയുക.






