
പനജി: ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ പരീക്കറുടെ നില അതീവഗുരുതരം. മുഖ്യമന്ത്രിയുടെ ഓഫീസാണ് പരീക്കറുടെ നില അതീവ ഗുരുതരമാണെന്നും, ഡോക്ടര്‍മാരുടെ സംഘം ജീവന് നിലനിര്‍ത്താന്‍ പരിശ്രമിക്കുകയാണെന്നും ട്വീറ്റിലൂടെ ഒടുവില്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്.
പരീക്കറുടെ ആരോഗ്യ നില വഷളായതായി ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോയും സ്ഥിരീകരിച്ചു. എത്രയും വേഗം പകരക്കാരനെ കണ്ടെത്തുമെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. പരീക്കറുടെ ആരോഗ്യ നില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ഇക്കാര്യം ലോബോ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളിലായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 63 കാരനായ പരീക്കര്‍ രോഗബാധിതനാകുന്നത്. തുടര്‍ന്ന് മുംബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയതിനു പിന്നാലെ അമേരിക്കയിലും ചികിത്സ കഴിഞ്ഞ് എത്തിയതിനു ശേഷം അദേഹം വിശ്രമത്തിലായിരുന്നു.
ചികിത്സകള്‍ക്കിടെ ഡിസംബറില്‍ വീണ്ടും ഔദ്യോഗിക രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും സഭയിലെത്തി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.





