
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശിനി സർവീസുകളുടെ സ്വാധീനത്തിന് പുറമെ, സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളായ വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളും കമ്മിറ്റി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥി കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ചില സ്വകാര്യ ബസുകൾ വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും സ്വമേധയാ അധിക തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സ്വകാര്യ ബസ് ഉടമകൾ വർഷങ്ങളായി ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ മുൻ സർക്കാർ പരിഗണിച്ചില്ലെന്നും, അതാണ് മേഖലയെ പ്രതിസന്ധിയിലാക്കിയതെന്നും സി.പി. ജോൺ ആരോപിച്ചു. നിലവിലെ സർക്കാർ നികുതി ഇളവുകൾ ഉൾപ്പെടെ വിവിധ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






