തൊണ്ണൂറുകളുടെ കാലത്ത് ധാരാളം സിനിമകളില്‍ നായികാ നായക ജോഡികളായി അഭിനയിച്ചവരാണ് റഹ്മാനും രോഹിണിയും. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്നൊക്കെയായിരുന്നു അന്നത്തെ ഗോസിപ്പുകള്‍. എന്നാല്‍ താനും റഹ്മാനും സുഹൃത്തുക്കള്‍ മാത്രമാണെന്നും ഗോസിപ്പുകള്‍ അവരെ ബാധിച്ചിട്ടേയില്ലെന്നും ഗോസപ്പുകളെ ഭയന്ന് സംസാരിക്കാതെ ഇരുന്നിട്ടില്ലെന്നും രോഹിണി ഒരു റേഡിയോ പ്രോഗ്രാമിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
' ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനുണ്ടായിരുന്നില്ല. ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കേട്ട് ചിരിക്കുമായിരുന്നു. ഇടക്ക് ആളുകള്‍ ഞങ്ങളെ നോക്കുന്നത് കാണുമ്പോള്‍ റഹ്മാന് കാണിച്ചുതരുമായിരുന്നു, ദാ, അവര്‍ നമ്മളെ നോക്കുന്നത് നോക്ക് എന്നൊക്കെ പറഞ്ഞ്'
ഒരിക്കല്‍ ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ അനുഭവവും രോഹിണി കൂട്ടിചേര്‍ത്തു. 'ഒരിക്കല്‍ ട്രെയിന്‍ യാത്രക്കിടെ ഒരു സംഭവമുണ്ടായി. ഏകദേശം എന്റെ പ്രായമുള്ള ഒരു സ്ത്രീയാണ് അപ്പുറത്തിരിക്കുന്നത്. അവരെന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 'നിങ്ങളും റഹ്മാനും' എന്ന് പറഞ്ഞവര്‍ സംസാരിച്ചുതുടങ്ങി. എന്താണിവരുടെ പ്രശ്നം എന്നായി എന്റെ ചിന്ത. റഹ്മാന് നല്ല ഉയരമുണ്ടല്ലോ, നിങ്ങള്‍ക്ക് തീരെ ഉയരമില്ലല്ലോ. പിന്നെങ്ങനെ നിങ്ങള്‍ നല്ല ജോഡികളായി? അപ്പോള്‍ എനിക്ക് തോന്നി, ഈ കുട്ടിക്ക് അസൂയയാണെന്ന്. പിന്നെ ആലോചിച്ചപ്പോള്‍ എനിക്കും തോന്നി. എനിക്ക് ഉയരം കുറവാണ്, അവന് നല്ല ഉയരമുണ്ട്. ഞങ്ങളെങ്ങനെ നല്ല ജോഡികളായി എന്ന്'- രോഹിണി പറഞ്ഞു.






