
പ്രശസ്ത ഹോളിവുഡ് നടി ആംബര്‍ ഹേര്‍ഡ് തന്റെ പഴയകാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നു. സൗത്ത് ബൈ സൗത്ത്വെസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ പഴയ ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചുമൊക്കെ ഹേര്‍ഡ് തുറന്ന് പറഞ്ഞത്. മേകിങ് ചെയ്ഞ്ച് ഓണ്‍ ആന്‍ഡ് ഓഫ് ദ് സ്ക്രീന്‍ വിഭാഗത്തില്‍ സിനിമയിലും ജീവിതത്തിലും സ്വാധീനശേഷിയുള്ള വ്യക്തിയായി മാറിയവരില്‍ ഒരാളായി സംസാരിക്കുകയായിരുന്നു ഹേര്‍ഡ്.
മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്ന കുടുംബത്തിലായിരുന്നു ഹേര്‍ഡ് ജനിച്ചത്. മകള്‍ തങ്ങള്‍ അനുശാസിക്കുന്ന അതേ ധാര്‍മിക, സദാചാര സംഹിതകളിലൂടെ വളര്‍ന്നുവരണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു. പക്ഷേ കൗമാരം കടന്നതോടെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു ഹേര്‍ഡ്. ലെസ്ബിയന്‍, നിരീശ്വരവാദി, വെജിറ്റേറിയന്‍ എന്നിങ്ങനെയായിരുന്നു ഹേര്‍ഡിന്റെ മാറ്റങ്ങള്‍. താന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞപ്പോഴായിരുന്നു മാതാപിതാക്കള്‍ ഏറ്റവും വിഷമിച്ചതെന്ന് ഹേര്‍ഡ് പറയുന്നു. തന്റെ നിലപാട് മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ തന്നെയോര്‍ത്ത് കരഞ്ഞുവെന്നും ഹേര്‍ഡ് പറയുന്നു.
എന്നാല്‍ അവരുടെ പ്രതികരണങ്ങളോട് താന്‍ നിഷേധാത്മകമായി നിന്നിട്ടില്ലെന്ന് ഹേര്‍ഡ് പറയുന്നു. തന്റെ നിലപാടുകള്‍ മാതാപിതാക്കള്‍ അംഗീകരിക്കുമെന്ന് ഹേര്‍ഡ് വിശ്വസിച്ചു. പിന്നീട് അങ്ങനെ തന്നെ സംഭവിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം ഒരു പുരസ്കാരം ലഭിച്ചപ്പോള്‍ വേദിയിലേക്ക് തന്നെ കൊണ്ടുപോയത് മാതാപിതാക്കളാണെന്ന് ഹേര്‍ഡ് പറയുന്നു. സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ സമൂഹത്തിന്റെ സമീപനം മാറും... ഹേര്‍ഡ് ഉറപ്പിച്ചു പറയുന്നു. 2010-ല്‍ തസ്യ വാന്‍ റിയുമായുള്ള ബന്ധത്തിന്റെ തീക്ഷ്ണതയിലായിരുന്നു ഹേര്‍ഡ്. ലെസ്ബിയന്‍ എന്നു ഹേര്‍ഡിനെ ലോകം വിളിച്ചു.
'' സ്ത്രീകളും പുരുഷന്മാരുമായി എനിക്കു വിജയകരമായ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വവര്ഗരതിക്കാരിയെന്നോ ലെസ്ബിയനെന്ന ലേബലോ എനിക്കു ചേരില്ല. സ്നേഹിക്കണമെന്നു തോന്നുന്നവരെ ഞാന്‍ സ്നേഹിക്കുന്നു. അതു പുരുഷനായാലും സ്ത്രീയായാലും. വ്യക്തിയാണു പ്രധാനം. അവര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നതല്ല'' - ഹേര്‍ഡ് പറയുന്നു. നാലുവര്‍ഷം വാന്‍ റീ എന്ന യുവതിയുമായുള്ള ബന്ധത്തിനു ശേഷമാണ് ഹോളിവുഡ് നടന് ജോണി ഡെപ്പുമായുള്ള ഹേര്‍ഡിന്റെ പ്രണയം ആരംഭിക്കുന്നത്. 2011-ല്‍ ദ് റം ഡയറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇവര്‍ വിവാഹിതരായതോടെ ലെസ്ബിയന്‍ എന്ന് തന്നെ വിളിച്ചവര്‍ക്കുള്ള മറുപടി കൊടുക്കുക കൂടിയായിരുന്നു ഹേര്‍ഡ്.






