ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വാഗ്ദാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം തട്ടിപ്പെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ മോഡി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി പാവപ്പെട്ട ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 1,06,800 രൂപയുടെ ആനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.
വിവിധ ജനക്ഷേമ പദ്ധതികള്‍ക്കായും ഭക്ഷ്യ, കാര്‍ഷിക സബ്സിഡികള്‍ക്കായും ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ക്കായും കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം 5.34 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് വാര്‍ഷികമായി 72000 രൂപ വീതം നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. അത് നടപ്പിലാകുമെന്ന് കണക്കാക്കിയാല്‍ തന്നെ പ്രതിവര്‍ഷം 3.6 ലക്ഷം കോടി രൂപ വേണ്ടി വരും. അപ്പോഴും നിലവില്‍ സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ മൂന്നില്‍ രണ്ട് തുക മാത്രമേ ആകുന്നുള്ളുവെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും നേരത്തെ രംഗത്ത് വന്നിരുന്നു. 1971ല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഗരീബീ ഘഠാവോ മുദ്രാവാക്യം ഉയര്‍ത്തിയ കോണ്‍ഗ്രസ് എല്ലാക്കാലത്തും പാവപ്പെട്ടവരെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച പാര്‍ട്ടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.






