ന്യൂഡല്‍ഹി: നടിയും സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ ജയപ്രദയെ യു.പിയിലെ റാംപൂരില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. സമാജ്വാദി പാര്‍ട്ടിയിലായിരുന്ന കാലത്ത് ജയപ്രദയും അസംഖാനും ബദ്ധവൈരികളായിരുന്നു.
പ്രധാനമന്ത്രി മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് ജയപ്രദ പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നത് തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമാണെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു.
1994ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ടി.ഡി.പിയുടെ രാജ്യസഭാ എം.പിയായിരുന്നു. ചന്ദ്രബാബു നായിഡുവുമായി തെറ്റിയതോടെ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ്വാദി പാര്‍ട്ടിയില്‍ അമര്‍ സിംഗിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ 2004, 2009 തിരഞ്ഞെടുപ്പുകളില്‍ റാംപൂരില്‍ നിന്ന് ലോക്സഥയില് എത്തി.
2010ല്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. അമര്‍ സിംഗിനൊപ്പം പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തകര്‍ന്നടിഞ്ഞു. 2014ല്‍ ആര്.എല്‍.ഡിയില്‍ ചേര്‍ന്ന് ബിജ്നോറില് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും നാലാം സ്ഥാനത്തായി.






