
ലണ്ടന്‍: ഇന്ത്യയില്‍ കോടികളുടെ വെട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായിരുന്നു. 15 ലക്ഷം രൂപ മാസവാകയുള്ള ആഡംബര അപാര്‍ട്ട്മെന്റിലായിരുന്നു നീരവ് മോദി ലണ്ടനില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഇരുളറകളുള്ള ജയിലിലാണ് താമസം. 13,500 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്നും മുങ്ങിയത്. നീരവ് മോദിക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനുള്ള ഒരുക്കത്തില്‍ ഇന്ത്യ ഇരിക്കെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തുന്നത്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പ് തന്നെ തനിക്കെതിരെയുള്ള എല്ലാ ഡിജിറ്റല്‍ തെളിവുകളും നീരവ് മോദി ഇല്ലാതാക്കിയിരുന്നു.
നീരവിന്റെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സില്‍ 2017 ജനുവരിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ഈ റെയ്ഡിന് പിന്നാലെ കമ്പനിയുടെ സെര്‍വറുകള്‍ അടച്ചുപൂട്ടാനും സുപ്രധാന വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും നീരവ് മോദി നിര്‍ദേശം നല്‍കിയിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സെര്‍വറുകള്‍ അടച്ചു പൂട്ടിയതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുക്കാന്‍ ഏജന്‍സിക്ക് പ്രയാസമുളളതായും പറയുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി ഒരു സാക്ഷിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹാജരിക്കിയിരുന്നു. നീരവിന്റെ കമ്പനിയുടെ ഐടി വിഭാഗത്തിന്റെ മാനേജരെയാണ് ഹാജരാക്കിയതെന്നാണ് വിവരം.
കമ്പനിയില്‍ റെയ്ഡ് നടന്നിതിന് പിന്നാലെ കമ്പനിയുടെ സെര്‍വറുകള്‍ അടച്ചുപൂട്ടാന്‍ നീരവിന്റെ വിശ്വസ്തനും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനുമായ മിഹിര്‍ ബന്‍സാലി വഴി സാക്ഷിയായ മാനേജര്‍ക്കു നിര്‍ദേശം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ മെയിലുകള്‍ ഡിലീറ്റ് ചെയ്തു. ദുബായില്‍ നീരവ് മോദിയും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനം നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചു. ഡേറ്റയുടെ ഏതെങ്കിലും തരത്തിലുളള പകര്‍പ്പുകള്‍ എടുത്തു സൂക്ഷിക്കുന്നത് ബന്‍സാലി വിലക്കിയതായും മാനേജര്‍ പറയുന്നു. വ്യക്തികളുടെ പേരില്‍ യൂസര്‍ ഐഡി നല്‍കുന്നതിനും കര്‍ശനമായ വിലക്കുണ്ടായിരുന്നു.
എന്നാല്‍ ആവശ്യമായ രേഖകളെല്ലാം ഹാജരാക്കി, നീരവ് വഴുതിപ്പോകാനുള്ള പഴുതുകളെല്ലാം അടച്ചാണു ഇന്ത്യന്‍ നീക്കമെന്നാണു റിപ്പോര്‍ട്ട്. മല്യക്കേസിലെ തിരിച്ചടികളില്‍ നിന്നു പാഠം പഠിച്ച ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്നു പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു ശ്രമിക്കുന്നത്.






