
തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. അരുണ്‍ ആദ്യം വിവാഹം കഴിച്ചത് ഫാഷന്‍ ഡിെസെനറായ യുവതിയുമായുള്ള ബന്ധം ഒരു കുട്ടിയായശേഷം വേര്‍പെടുത്തി. ഇപ്പോള്‍ പത്തു വയസ്സുള്ള മകനുമൊപ്പം അമേരിക്കയില്‍ കഴിയുകയാണ് അവര്‍. ഈ വിവാഹബന്ധം വേര്‍പെടുത്തിയ സമയത്തായിരുന്നു അമ്മാവന്റെ മരുമകളായ തൊടുപുഴ സ്വദേശിനിയുമായി അടുപ്പത്തിലാകുന്നത്.
തിരുവനന്തപുരത്തെ വീട്ടില്‍ താമസിച്ചിരുന്ന യുവതിക്ക് അരുണുമായുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ഇവരുമായി തൊടുപുഴയിലേക്ക് താമസം മാറിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അവിടെ വര്‍ക്ക്ഷോപ്പ് നടത്തി ജീവിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചു. തുടര്‍ന്ന് മരണാനന്തര ചടങ്ങിനെത്തിയപ്പോള്‍ പ്രണയം വീണ്ടും ആരംഭിക്കുകയും മൂന്ന് മാസം പോലും തികയും മുമ്പ് മക്കളുമൊത്ത് യുവതി തിരുവനന്തപുരത്ത് അരുണിനൊപ്പം താമസമാരംഭിച്ചു. ഒരുമാസം മുമ്പാണ് കുമാരമംഗലത്ത് രണ്ടുനില വീടിന്റെ താഴത്തെ നിലയില്‍ പ്രതിയും യുവതിയും വാടകയ്ക്ക് താമസം ആരംഭിച്ചത്. രണ്ടു കുട്ടികളോടൊപ്പം എത്തിയ തങ്ങള്‍ ദമ്പതികളാണെന്നായിരുന്നു മറ്റുളളവരെ പരിചയപ്പെടുത്തിയത്.
കുട്ടിയെ സ്കൂളില്‍ കൊണ്ടുപോകാന്‍ പുറത്തേക്ക് ഇറങ്ങുന്നതല്ലാതെ അയല്‍വാസികളുമായി കാര്യമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെങ്കിലും ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. മിക്കപ്പോഴും പുറത്തു നിന്നായിരുന്നു ഭക്ഷണം കഴിക്കുന്നത്. ആളെവച്ച് അരുണ്‍ വര്‍ക്ക്ഷോപ്പ് നടത്തുന്നുണ്ടെങ്കിലും അവിടെ കാര്യമായി ജോലികളൊന്നും ചെയ്തിരുന്നില്ല. കുട്ടികള്‍ മുന്‍വശത്തിരുന്ന് കളിക്കുന്നതും മറ്റും കാണാറുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സ്കൂളില്‍ ഇടയ്ക്കിടെ ഏഴു വയസുകാരനെ ഇയാള്‍ കാറില്‍ കൊണ്ടു വന്ന് ഗേറ്റില്‍ ഇറക്കി വിടുന്നത് കണ്ടിട്ടുള്ളതായി സ്കൂള്‍ അധികൃതര്‍ പറയുന്നു.
ഇതിനിടെ മരിച്ച പിതാവ് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണവും അരുണ്‍ ആനന്ദ് പിന്‍വലിച്ചു. ബാങ്കില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ ഭാര്യഭര്ത്താക്കന്മാരാണെന്ന വ്യാജേനെ ബാങ്കില്‍ നിന്നും ഇരുവരും ചേര്‍ന്ന് തുക പിന്‍വലിക്കുകയായിരുന്നു. പണം യുവതിയുടെ കാറിന്റെ പേരിലുള്ള കടബാദ്ധ്യത പരിഹരിക്കാനായി വിനിയോഗിച്ചു. വര്‍ക്ക് ഷോപ്പ് പുതുക്കിപ്പണിയാനും ഇതില്‍ നിന്നും പണമെടുത്തു. കുട്ടികളുടെ പിതാവായിരുന്ന യുവാവിന്റെ മരണവും ഇപ്പോള്‍ സംശയാസ്പദമായിരിക്കുകയാണ്.
ഇയാള്‍ നടത്തിയിരുന്ന വര്‍ക്ക്ഷോപ്പ് ഏറ്റെടുത്ത അരുണ്‍ അത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഉദ്ദേശത്തിലായിരുന്നു. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് യുവതി അരുണിനൊപ്പം പോയത്. ഭര്‍ത്താവ് മരിച്ച ശേഷം ഇവര്‍ നന്തന്‍കോടുള്ള ഭര്‍ത്തൃ വീട്ടിലേക്ക് പോയിരുന്നെങ്കിലും ഇതിനിടെ അരുണുമായി പ്രണയത്തിലാകുകയും ഉടുമ്പന്നൂരില്‍ തിരികെയെത്തി നാടുവിടുകയുമായിരുന്നു.






