കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിന്. ഈ മാസം ആറിന് സമരപ്രഖ്യാപന കണ്വന്ഷന് നടത്തും. കൊച്ചിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. 2017 ജൂണ്‍ 27നാണ് കുറുവിലങ്ങാട് മഠത്തില്‍ വച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയത്. ഏറെ വിവാദമായ കേസില്‍ ബിഷപ്പിന്റെ അറസ്റ്റ വൈകുന്നുവെന്ന് ആരോപിച്ചും കന്യാസ്ത്രീകള്‍ ഹൈക്കോടതി വഞ്ചി സ്ക്വയറില്‍ സമരം ചെയ്തിരുന്നു. കന്യാസ്ത്രീകളുടെ സമരം തുടരുന്നതിനിടെയാണ് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം ബിഷപ്പ് ജാമ്യം നേടി പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതാണ് കന്യാസ്ത്രീകള്‍ രണ്ടാം ഘട്ട സമരത്തിന് ഇറങ്ങുന്നതിന്റെ കാരണം.






