ന്യൂഡല്‍ഹി: സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അതൃപ്തിയിലായ മുതിര്‍ന്ന നേതാക്കളുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അനുനയ നീക്കവുമായാണ് അമിത് ഷാ എത്തിയത്. ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിന് ശേഷമാണ് അമിത് ഷാ മുതിര്‍ന്ന നേതാക്കളെ കാണാനെത്തിയത്.
സീറ്റ് നിഷേധിച്ച സാഹചര്യം ഇരു നേതാക്കളോടും അമിത് ഷാ വിശദീകരിച്ചുവെന്നാണ് സൂചന. 75 വയസ് എന്ന പ്രായപരിധി മറയാക്കിയാണ് ബി.ജെ.പി എല്‍.കെ അദ്വാനിയ്ക്കും മുരളീ മനോഹര്‍ ജോഷിക്കും സീറ്റ് നിഷേധിച്ചത്. എല്‍.കെ അദ്വാനിയുടെ ഗാന്ധി നഗര്‍ സീറ്റില്‍ അമിത് ഷായാണ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളായ ഇരുവര്‍ക്കും ഇത് ആദ്യമായാണ് സീറ്റ് നിഷേധിക്കുന്നത്.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇരു നേതാക്കളും അതൃപ്തി പരസ്യമാക്കിയിരുന്നു. മത്സരിക്കേണ്ടന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം തന്റെ അണികള്‍ക്ക് എഴുതി തുറന്ന് കത്തില്‍ വെളിപ്പെടുത്തിയിരുന്നു. കാണ്‍പൂരിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി തന്റെ ബ്ലോഗ് പോസ്റ്റിലൂടെ എല്‍.കെ അദ്വാനിയും പരസ്യമാക്കിയിരുന്നു.






