
കൊച്ചി: എറണാകുളം-അങ്കമാലി അതിരുപതയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ സിറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ.സെബാസ്റ്റിയന് വടക്കുംപാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് കുന്നേല്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിരൂപതയുടെ ഭൂമി ഇടപാടില്‍ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന്ക ാണിച്ച് എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്. ഭൂമി വിറ്റ പണം കിട്ടിയെന്ന് പറഞ്ഞ കര്‍ദിനാള്‍ ആ പണം അതിരൂപതയുടെ അക്കൗണ്ടില്‍ കാണിച്ചിട്ടില്ലെന്നും അതുവഴി അതിരുപതയെ വഞ്ചിച്ചുവെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
ഇതേ ആവശ്യവുമായി ഹര്ജിക്കാരന് നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
തൃക്കാക്കരയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഇടനിലക്കാരന് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്.






