
അധോലോക നേതാവ് രവി പൂജാരിയുടെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ പല അടവുകളും പയറ്റിയിരിക്കുകയാണ് കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍. ലീന മരിയയുടെ സ്വകാര്യ ഫോണിലേക്കാണ് ആദ്യം വിളിയെത്തിയത്. പിന്നീട് നമ്പര്‍ മാറ്റിയപ്പോള്‍ സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറുകളിലേക്ക് വിളിയെത്തി. ഇതോടെ സ്ഥാപനത്തിലെ ജീവനക്കാരി എന്ന രീതിയിലും സംസാരിച്ച് ലീന തടിയൂരുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം മുതല്‍ ഡിസംബര്‍ അവസാനം വരെ ലീന മരിയ പോളിനെ തേടി രവി പൂജാരിയുടെ വിളികള്‍ എത്തി. 25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെ ലീന മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി. അതോടെ നെയില്‍ ആര്‍ടിസ്ട്രിയെന്ന പാര്‍ലറിലെ ഫോണ്‍ നമ്പറിലേക്ക് ലീനയെ തേടി വിളിയെത്തി.
ലീന മരിയ: സര് അവര്‍ വിദേശത്താണ്, മൂന്നു ദിവസത്തിനുള്ളില്‍ തിരികെയെത്തും
പൂജാരി: വിദേശത്ത് എവിടെ?
ലീന മരിയ: ദുബായില്‍ പോയതാണ്
പൂജാരി: ദുബായില്‍?
ലീന മരിയ: അതെ സര്
പൂജാരി: ഒരുകാര്യം ചെയ്യൂ, അവരുടെ ദുബായ് നമ്പര്‍ എനിക്ക് തരൂ
ലീന മരിയ: ദുബായ് നമ്പര്‍ ഞങ്ങള്‍ക്ക് അറിയില്ല. ഇങ്ങോട്ട് വിളിക്കുമ്പോള്‍ താങ്കളുടെ കാര്യം പറയാം
പൂജാരി: ഇത് വളരെ ഗൗരവമുള്ള വിഷയമാണ്, ഗൗരവമുള്ള കേസാണ്
ലീന മരിയ: സര് ഞാന്‍ മാനേജര്‍ മാത്രമാണ്, നമ്പര്‍ എനിക്കറിയില്ല, മറ്റ് കാര്യങ്ങളൊന്നും എനിക്കറിയില്ല
പൂജാരി: മാനേജര്‍ ആണോ? എന്താണ് പേര്?
ലീന മരിയ: അഞ്ജലി
പൂജാരി: മുഴുവന്‍ പേര്?
ലീന മരിയ: അഞ്ജലി മേത്ത
പൂജാരി: മേത്ത? അപ്പോള്‍ ഗുജറാത്തിയാണോ?
ലീന മരിയ: സര് എന്റെ അച്ഛന് ഗുജറാത്തിയും അമ്മ ബോംബെക്കാരിയുമാണ്
പൂജാരി: ബോംബെയില്‍ എവിടെ
ലീന മരിയ: ഖാറില്‍
താന്‍ നേരിട്ട് സംസാരിച്ച ആദ്യ സംഭാഷണങ്ങള്‍ ഫോണില്‍ റെക്കോര്‍ഡര്‍ ഇല്ലാത്തതിനാല്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെന്ന് ലീന പറയുന്നു. പലപ്രാവശ്യം ലീന ഒഴിഞ്ഞ് മാറിയതോടെയാണ് ഡിസംബര്‍ 15ന് നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ ആക്രമണം നടക്കുന്നത്. അക്രമികള്‍ മടങ്ങിയപ്പോള്‍ രവി പൂജാരി എന്നെഴുതിയ കടലാസ് ഉപേക്ഷിച്ചതാണ് നിര്‍ണായക സൂചനയായത്.






