
മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നുള്ള വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊയുടെ നിർമാണം കാൽ ലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് അരങ്ങേറ്റം കുറിച്ച ‘മരാസൊ’ മഹീന്ദ്രയുടെ നാസിക് ശാലയിൽ നിന്നാണു നിരത്തിലെത്തുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെയും മാരുതി സുസുക്കി എർട്ടിഗയെയുമൊക്കെ നേരിടാനാണ് മരാസൊയെ വിപണിയിൽ എത്തിച്ചത്.
10.17 ലക്ഷം രൂപ മുതൽ 17.41 ലക്ഷം രൂപ വരെയാണു മരാസൊയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. വ്യത്യസ്ത സീറ്റിങ് ഘടനയോടെ നാലു വകഭേദങ്ങളിലാണു മരാസൊ വിൽപ്പനയ്ക്കുള്ളത്: എം ടു എന്ന അടിസ്ഥാന വകഭേദത്തിനും എം എയ്റ്റ് എന്ന മുന്തിയ പതിപ്പിനുമിടയിൽ എം ഫോർ, എം സിക്സ് എന്നീ മോഡലുകളും ലഭ്യമാണ്.
ഗ്ലോബർ എൻ സി എ പി പരീക്ഷയിൽ സുരക്ഷയ്ക്ക് നാലു നക്ഷത്ര റേറ്റിങ് നേടിയാണു മരാസൊ എത്തുന്നത്. 2018 നവംബർ 16നു ശേഷം നിർമിച്ച മരാസൊയ്ക്കാണു ഗ്ലോബൽ എൻ സി എ പി റേറ്റിങ് ബാധകമാവുക. കാറിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന് പരമാവധി 123 ബി എച്ച് പി കരുത്തും 300 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണു നിലവിൽ ഈ എൻജിനു കൂട്ട്. ഭാവിയിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ‘മരാസൊ’ ലഭ്യമാവുമെന്നാണു സൂചന.






