
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍. അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ആലോചിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഞായറാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യഷനുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വിധിയില്‍ തൃപ്തിയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഓരോ നിയോജക മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ആവശ്യം.
ശനിയാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അവസാനിപ്പിച്ച് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യുന്ന രീതിയിലേക്ക് തിരികെ പോകണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. 175 നിയമസഭാ സീറ്റുകളിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രയില്‍ നിരവധി വോട്ടിംഗ് മെഷീനുകള്‍ തകരാറായിരുന്നു.







Comments