
പ്രസവശേഷം ശരീരഭാരം കൂടുന്നത് മിക്ക സ്ത്രീകളും നേരിടുന്നൊരു പ്രധാന പ്രശ്നമാണ്. കുഞ്ഞിനോടുള്ള കരുതല്‍ കാരണം ശരീരഭാരം കുറയ്ക്കാന്‍ സമയമോ സാഹചര്യമോ ഉണ്ടാകാറില്ല. പ്രിയാന്‍ഷി അഗര്‍വാള്‍ എന്ന ഇരുപത്തിയാറുകാരിയുടെ ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്. പ്രസവത്തിന് ശേഷം 70 കിലോ ഭാരമായിരുന്നു പ്രിയാന്‍ഷിക്ക്.
ശരീരഭാരം കൂടിയതോടൊപ്പം പലരുടെയും പരിഹാസത്തിനും പ്രിയാന്‍ഷി ഇരയായി. ഇതിനെയെല്ലാം അവര്‍ അവഗണിച്ചെങ്കിലും ഒരിക്കല്‍ ഒരു കല്യാണവീട്ടില്‍ വെച്ച് കടുത്ത പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നതോടെ ഒരു തീരുമാനത്തില്‍ പ്രിയാന്‍ഷി എത്തുകയായിരുന്നു. എങ്ങനെയെങ്കിലും ശരീരഭാരം കുറയ്ക്കാനായിരുന്നു പ്രിയാന്‍ഷിയുടെ തീരുമാനം. തന്റെ ശരീരത്തിന് അനുയോജ്യമായ വസ്ത്രം ലഭിക്കാത്തതും പ്രിയാന്‍ഷി നേരിട്ട ഒരു പ്രശ്നമായിരുന്നു.
ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് ലഭിച്ചതോടെ കൃത്യമായ ഡയറ്റ് പ്ലാന്‍ പ്രിയാന്‍ഷി ഉണ്ടാക്കുകയായിരുന്നു. ഓട്സ്, പോഹ, ഉപ്പുമാവ് എന്നിവയായിരുന്നു പ്രിയാന്‍ഷിയുടെ പ്രാതല്‍. രണ്ടു ചപ്പാത്തി, ഓരോ പാത്രം പച്ചക്കറികളും ദാലും എന്നിവ ഉച്ചഭക്ഷണം, അത്താഴം വൈകിട്ട് ഏഴിനു മുമ്പ് രണ്ടു ചപ്പാത്തിയും അല്പം പച്ചക്കറികളും. ഇതോടൊപ്പം സ്കിപ്പിങ്ങും ഓട്ടവും വ്യായാമമായി ചെയ്യാനും തുടങ്ങി.
ഇതോടൊപ്പം താന്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ നോട്ടുകളായി എഴുതി വെയ്ക്കാനും പ്രിയാന്‍ഷി തുടങ്ങി. ഇതോടെ ആറുമാസം കൊണ്ട് പ്രിയാന്‍ഷി 15 കിലോ കുറച്ചു. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഭാരം കുറവാണ് ഇപ്പോള്‍ തനിക്കെന്നും ഇതു നല്കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും പ്രിയാന്‍ഷി പറയുന്നു. നിങ്ങളുടെ ഡയറ്റിനെക്കുറിച്ചു ശരിയായ അവബോധം ഉണ്ടാക്കുകയും കൃത്യമായി വ്യായാമം ശീലമാക്കുകയും ചെയ്താല്‍ ശരീരഭാരത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടാകുമെന്നാണ് പ്രിയാന്‍ഷി പറയുന്നത്.






