
വിറ്റാര ബ്രെസ്സ ടൊയോട്ടയുടെ ബെംഗളൂരു കാര്‍ നിര്‍മ്മാണശാലയില്‍ അസംബിള്‍ ചെയ്യുമെന്ന് മാരുതി സുസുകി. ഇതുവഴി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി പ്രയോജനപ്പെടുത്തുമെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്മാന് ആര്‍സി ഭാര്‍ഗവ പറഞ്ഞു. മാത്രമല്ല, പുതിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാമെന്നാണ് മാരുതി സുസുകി കണക്കുകൂട്ടുന്നത്.
2017 ലാണ് ഇന്ത്യ ഉള്‍പ്പെടെ ഏതാനും വിപണികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും സുസുകിയും രംഗത്തെത്തിയത്. ഇന്ത്യയിലും മറ്റ് വികസ്വര വിപണികളിലും മാരുതി സുസുകി സിയാസ്, എര്‍ട്ടിഗ, ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ ടൊയോട്ടയുമായി പങ്കുവെയ്ക്കാമെന്ന് തീരുമാനമെടുത്തിരുന്നു.
ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ ടൊയോട്ട ബാഡ്ജിലുള്ള മാരുതി സുസുകി വാഹനങ്ങള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി ആകെ 3.10 ലക്ഷം യൂണിറ്റാണ്. 1997 ല്‍ ഉല്‍പ്പാദനമാരംഭിച്ച ആദ്യ പ്ലാന്റില്‍ പ്രതിവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും.രണ്ടാമത്തെ പ്ലാന്റ് 2010 ലാണ് പ്രര്ത്തനമാരംഭിച്ചത്. ഈ പ്ലാന്റിലായിരിക്കും മാരുതി സുസുകി വിറ്റാര ബ്രെസ്സ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോർട്ട്.






