
ന്യൂഡല്‍ഹി : അന്തരിച്ച വാര്‍ത്ത അവതാരകന് ഗോപന്റെ മൃതദേഹം കേരളാ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ പൊതു ദര്‍ശനത്തിന് അനുമതി നിഷേധിച്ചതായാണ് പരാതി.
ഇതേതുടര്‍ന്ന് പൊതു ദര്‍ശനം ഒഴിവാക്കി മൃതദേഹം കല്‍ക്കാജിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വൈകിട്ട് 4.30 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതേസമയം, ആരും രേഖാമൂലം അനുമതി തേടിയിട്ടില്ലെന്നാണ് കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറുടെ വിശദീകരണം.
ഇന്നലെ രാത്രിയാണ് ഗോപന് അന്തരിച്ചത്. രാത്രിയോടെ പൊതുദര്‍ശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡില്ലിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്.
രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. 8.10 ഓടെ പൊതുദര്‍ശനത്തിന് എത്തിക്കാം. 11 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകീട്ടോടെ സംസ്കാര ചടങ്ങുകള്‍ നടത്താം എന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ ബന്ധപ്പെട്ട ആളുകള്‍ ഇന്ന് രാവിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോള്‍ കേരള സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം ലഭിച്ചതെന്നാണ് പരാതി.






