
തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം അവസാനിച്ചു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.
പ്രതിദിന പകർച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്.പകർച്ചപ്പനി ബാധിച്ച് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത് 13,196 പേർ . മലപ്പുറത്താണ് പനി വ്യാപനം കൂടുതൽ.പ്രതിദിന ഡെങ്കിപ്പനി ഷിഗെല്ല എലിപ്പനി മഞ്ഞപ്പിത്തം,മലേറിയ ബാധിതരുടെ എണ്ണവും ഉയർന്നു തന്നെ.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത് എട്ടുപേർക്കാണ്. 52 പേർക്ക് ഡെങ്കിപ്പനി, 85 പേർക്ക് ചിക്കൻപോക്സ്, 11 പേർക്ക് എലിപ്പനി,മലേറിയ അഞ്ച് പേർക്കും ഇന്നലെ സ്ഥിരീകരിച്ചു.കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്ന് മലേറിയ സ്ഥിരീകരിച്ചു. 22 പേർക്ക് മഞ്ഞപ്പിത്തവും രണ്ടുപേർക്ക് ടൈഫോയിഡും ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു മഞ്ഞപ്പിത്ത മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.






