
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആറ് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന അവകാശവാദം തള്ളി മുന്‍ കരസേന മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ ജനറല്‍ വി.കെ സിംഗ്. 2008-14 വര്‍ഷങ്ങള്‍ക്കിടെ ആറ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ കോണ്‍ഗ്രസ് വാദം നുണയാണെന്നും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെങ്കില്‍ അതിന് തെളിവുണ്ടോ എന്നും വി.കെ സിംഗ് ചോദിച്ചു.
കോണ്‍ഗ്രസിന് നുണപറയുന്നത് ശീലമാണ്. താന്‍ കരസേനാ മേധാവിയായിരിക്കെ ഏത് സര്‍ജിക്കല്‍ സ്ട്രൈക്കാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ എന്നും വി.കെ സിംഗ് ചോദിച്ചു. കരസേനാ മേധാവിയായിരുന്ന വി.കെ സിംഗ് വിരമിക്കലിന് ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ്. ഗാസിയാബാദ് സീറ്റില്‍ നിന്ന് വീണ്ടും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയാണ് വി.കെ സിംഗ്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആറ് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയത്. 2008 ജൂണ്‍ 19ന് ജമ്മു കശ്മീരിലെ ഭട്ടല്‍ സെക്ടറിലാണ് ആദ്യ സ്ട്രൈക്ക് നടത്തിയത്. മറ്റ് തീയതികളും കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ വോട്ടിനായി അത് ദുരുപയോഗം ചെയ്യാറില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും പ്രതികരിച്ചിരുന്നു.







Comments