
കോഴിക്കോട്: എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബൂര്‍ഖ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിനു പിന്നാലെ എംഇഎസ് പ്രസിഡന്റ് ഡോ. പി.എ.ഫസല്‍ ഗഫൂറിന് വധഭീഷണി. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു. ഫസല്‍ ഗഫൂറിന്റെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു.
അതേസമയം തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉപയോഗിച്ച് സാമുദായിക സംഘടനകള്‍ക്കെതിരെ തന്റെ പേരില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനെതിരെ പരാതി നല്‍കിയതായും ഗഫൂര്‍ വ്യക്തമാക്കി. തനിക്ക് ഫെയ്സ്ബുക്ക് പേജില്ലെന്നും ഫസല്‍ ഗഫൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും അടുത്ത അധ്യായന വര്‍ഷം മുതല്‍ നിയമം കൃത്യമായി പ്രാബല്യത്തില്‍ വരുത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






