ജലന്ധര്‍ റെയ്ഡ്: ഫാ.മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ 2.10 കോടി കൂടി കണ്ടെടുത്തു; പണം കിട്ടിയത് എ.എസ്.ഐമാരുടെ പക്കല്‍ നിന്ന്; ഇതുവരെ കണ്ടെടുത്തത് 4,49,50,000 രൂപ
ജലന്ധര്‍ റെയ്ഡ്: ഫാ.മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ 2.10 കോടി കൂടി കണ്ടെടുത്തു; പണം കിട്ടിയത് എ.എസ്.ഐമാരുടെ പക്കല്‍ നിന്ന്; ഇതുവരെ കണ്ടെടുത്തത് 4,49,50,000 രൂപ
Authored by Web Desk | Last updated: 05 May 2019, 1:52 PM | 2 min read
ചണ്ഡിഗഡ്: ജലന്ധര്‍ രൂപതാ വൈദികനും ഫ്രാന്‍സിസ്കന്‍ മീഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) ജനറാളുമായ ഫാ.ആന്റണി മാടശേരിയുടെ വസതിയില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത കണക്കില്‍പെടാത്ത പണത്തില്‍ നിന്നും കാണാതായ തുകയില്‍ കുറച്ചുഭാഗം കൂടി പഞ്ചാബ് പോലീസ് കണ്ടെടുത്തു. 2.10 കോടി രൂപയാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തതായി ശനിയാഴ്ച പോലീസ് അറിയിച്ചത്. നേരത്തെ 2.38 കോടി രൂപ കണ്ടെടുത്തിരുന്നു. ഇതോടെ മൊത്തം 4,49,500,000 രൂപ പോലീസ് പിടിച്ചെടുത്തു. 2,15,50,000 രൂപ കൂടിയാണ് ഇനി കണ്ടെടുത്താനുള്ളത്.
ഫെബ്രുവരി അവസാനം ഖന്ന പോലീസ് നടത്തിയ റെയ്ഡില്‍ 16.50 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് ഫാ.ആന്റണി മാടശേരി അറിയിച്ചത്. എന്നാല്‍ 9.65 കോടി മാത്രമാണ് പിടിച്ചെടുത്തതെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. ഇതോടെ തന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ ഏഴു കോടിയോളം രൂപ മോഷണം പോയെന്ന് കാണിച്ച് ഫാ.മാടശേരി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
റെയ്ഡില്‍ പങ്കെടുത്ത എ.എസ്.ഐമാരായ ജോഗിന്ദര്‍ സിംഗരാജ്പ്രീത് സിംഗ്, പോലീസിന് വിവരം നല്കിയ ആളും ചേര്‍ന്നാണ് പണം തട്ടിയെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവരം നല്കിയആളെ പോലീസ് പിടികൂടിയെങ്കിലും എ.എസ്.ഐമാര്‍ ഒളിവില്‍ പോകുകയായിരുന്നു. ചൊവ്വാഴ്ച ഇവരെ കൊച്ചിയില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ മൊഴിപ്രകാരം 2.38 കോടി രൂപ ആറ് സുഹൃത്തുക്കളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
അവശേഷിച്ച തുകയില്‍ 2.10 കോടിയാണ് ഒടുവില്‍ ലഭിച്ചത്. ഇതില്‍ 1.10 കോടി രൂപ എ.എസ്.ഐ ജോഗിന്ദര്‍ സിംഗിന്റെ വീടിനു സമീപമുള്ള ആള്‍താമസമില്ലാത്ത പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പട്യാലയിലെ ചൗരയ്ക്കു സമീപമുള്ള ബല്‍ബീര്‍ കോളനിയില്‍ നിന്നാണ് പണം ലഭിച്ചത്.
ഒരു കോടി രൂപ എ.എസ്.ഐ രാജ്പ്രീത് സിംഗിന്റെ പട്യാല ഘലോറി ഗേറ്റിലെ ന്യൂ മഹിന്ദ്ര കോളനിയിലുള്ള വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. അവശേഷിക്കുന്ന തുകയും വൈകാതെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയും ഡി.ജി.പി ദിനകര്‍ ഗുപ്ത പ്രകടിപ്പിച്ചു.
അതേസമയം, മോഷ്ടിച്ചെടുത്ത പണം ഉടമസ്ഥനായ വൈദികന് തിരികെനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് എഎസ്ഐ ജോഗീന്ദര്‍ സിംഗും രാജ്പ്രീത് സിംഗും കൊച്ചിയില്‍ എത്തിയതെന്നും കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസ് അറിയിച്ചതായി പഞ്ചാബില്‍ നിന്നുള്ള 'ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാ.മാടശേരിയുടെ ബന്ധുക്കള്‍ കാലടിയിലാണ് താമസം. 33 ദിവസത്തോളം പല സംസ്ഥാനങ്ങളിലും ഒളിവില്‍ പാര്‍ത്ത ശേഷമായിരുന്നു പ്രതിയില്‍ കൊച്ചിയില്‍ എത്തിയത്. അനധികൃത പണത്തിന്റെ ഭാഗമാണ് എന്ന് കരുതിയാണ് ഇരുവരും പണവുമായി മുങ്ങിയതെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. ഇതില്‍ നിന്നും അല്‍പ്പം എടുത്താലും ആരും പരാതി നല്കാന് പോകുന്നില്ലെന്ന് ഇവര്‍ കരുതി.
റെയ്ഡില്‍ കണ്ടെത്തിയ പണം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കൊണ്ടു പോയി വെയ്ക്കാന്‍ ഇവര്‍ പോയത്. എന്നാല്‍ അനധികൃത പണമാണെന്ന് കരുതിയ ഇവര്‍ പോകുന്ന വഴിയില്‍ 6.65 കോടിയില്‍ നിന്നും ഏതാനും ലക്ഷങ്ങള്‍ അടിച്ചു മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ആലോചന പിന്നീട് മൊത്തം തുക അടിച്ചുമാറ്റിയാലോ എന്ന നിലയിലേക്കായി. എന്നാല്‍ പിറ്റേന്ന് തന്നെ വൈദികന് പരാതി നല്‍കിയത് ഇരുവരെയും മുങ്ങാന്‍ നിര്‍ബ്ബന്ധിതമാക്കി. കാര്യങ്ങള്‍ കൈവിട്ടു പോയതോടെ പിന്നീട് ഇരുവരും ചിന്തിച്ചത് രാജ്യം വിടുക എന്നതായിരുന്നു. ഇതിനായി വീട്ടിലിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടെത്താന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടയില്‍ ഇരുവര്ക്കുവേണ്ടി തെരച്ചില്‍ തുടങ്ങിയ പോലീസ് ഇവരുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു.
6.65 കോടി രൂപയുമായി ഇവര്‍ 33 ദിവസമാണ് മുങ്ങി നടന്നത്. ഉത്തരാഖണ്ഡ്, ന്യൂഡല്‍ഹി, ജെയ്പൂര്‍, മീററ്റ്, മുംബൈ എന്നിവിങ്ങളില്‍ തങ്ങിയ ശേഷമാണ് കൊച്ചിയിലെത്തിയത്.
അതേസമയം, പോലീസ് ഹാജരാക്കിയ 9.65 കോടി രൂപയുടെ ഉറവിടവും കണക്കും വ്യക്തമാക്കാന്‍ ഫാ.മാടശേരിക്ക് കഴിയാതെ വന്നതോടെ ആദായ നികുതി വകുപ്പ് പണം സര്‍ക്കാര്‍ ട്രഷറിയില്‍ അടച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ പാഠപുസ്തം വിറ്റവഴിയില് സഹോദയ ഗ്രൂപ്പിന് ലഭിച്ച പണമാണിതെന്നാണ് ഫാ.മാടശേരിയുടെ വാദം. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും ഫാ.ആന്റണിക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മോഷണം പോയ പണത്തിന്റെയും ഉറവിടം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതും സര്‍ക്കാര്‍ ട്രഷറിയിലേക്ക് പോകും.