
മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകനായ പ്രേം നസീര്‍ വിടവാങ്ങിയിട്ട് മുപ്പത് വര്‍ഷമായി. ചിറിഞ്ഞിക്കല്‍ അബ്ദുള്‍ ഖാദര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ താരം ആയിരുന്നു പ്രേംനസീര്‍. 1952ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്റെ പേര് നസീര്‍ എന്നായി പുനര്‍നാമകരണം ചെയ്തത്.
പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീര്‍ എന്ന പേര് സംവിധായകന് കുഞ്ചാക്കോ ആണ് പ്രേം നസീര്‍ എന്നാക്കിയത്. പിന്നീട് ജനകീയ നായകനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 672 മലയാളചിത്രങ്ങളില്‍ അഭിനയിച്ച പ്രേംനസീര്‍ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളില്‍ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്. 1978ല്‍ 41ലും 1979ല്‍ 39ലും നായകവേഷം അവതരിപ്പിച്ചു. 781 ചിത്രങ്ങളില്‍ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് അദ്ദേഹത്തിനാണ്.
നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് നസീര്‍ ഈ ഭൂമി വിട്ടു പോയതെന്ന് പറയുകയാണ് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു. ഇന്നത്തെ ഒരു സൂപ്പര്‍താരം കാരണമാണ് അത് നടക്കാതെ പോയതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞു. '' നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീര്‍ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്ത് ഡയറക്ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാ സ്റ്റാറുകളില്‍ ഒരാളെ പതിവായി കണ്ട് കാള്‍ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു. ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുമെന്നല്ലാതെ ആ മനുഷ്യന് ഡേറ്റ് കൊടുക്കുന്നില്ല. ഒടുവില്‍ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറില്‍ കയറിപ്പോയപ്പോള്‍, ആ നടന് പറയുകയാണ് ഇങ്ങേര്‍ക്ക് വയസാംകാലത്ത് വീട്ടില്‍ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോള്‍ നസീറിനേക്കാള്‍ പ്രായമുണ്ട്.
ഞാന്‍ സെറ്റില്‍ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ മനുഷ്യന് ചാന്‍സ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാല്‍ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാന്‍ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്. അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷന്‍ മാനേജര്‍ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാള്‍ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു. അതുപോലും പ്രേംനസീര്‍ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്പോള്‍ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീര്‍''. വേണു പറയുന്നു.






