
ന്യൂഡല്‍ഹി: ബൊഫേഴ്സ് ഇടപാടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരന് എന്ന ആരോപണത്തോടെയാണ് രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്രമോഡിയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരിക്കെ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി വീണ്ടും. ഇന്ത്യയെ ഏറെ ഞെട്ടിച്ച സിഖ് വിരുദ്ധ കലാപത്തില്‍ കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലാണെന്നും സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്ന അസാധാരണ സംഭവമായിരുന്നു എന്നുമാണ് പുതിയ വിമര്‍ശനം. ട്വീറ്റിലൂടെയാണ് ബിജെപി കോണ്‍ഗ്രസിനെ ആക്രമിച്ചത്.
സിഖ് വിരുദ്ധ കലാപത്തിന്റെ കര്മ്മഫലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് ബിജെപി ട്വീറ്റില്് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി കസേര മാത്രം സ്വപ്നം കാണുന്ന മോഡി രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷിയെ അപമാനിക്കുകയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. അതേസമയം ഡല്‍ഹിയിലെ റാലിയില്‍ രാജീവിനെ രക്തസാക്ഷിയാക്കി രാഹുല്‍ മോഡിയ്ക്ക് മറുപടി നല്‍കിയതിന് പിന്നാലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളും ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകളും രാഹുലിന് കത്തയച്ചിരുന്നു.
രാജീവ് ഗാന്ധിയെ രക്തസാക്ഷി എന്ന് പരാമര്‍ശിച്ചാല്‍ രാജ്യത്തെ യഥാര്‍ത്ഥ രക്തസാക്ഷികളെ അപമാനിക്കല്‍ ആണെന്നായിരുന്നു സിഖ് വിരുദ്ധ കലാപ ഇരകള്‍ കത്തില്‍ പറഞ്ഞിരുന്നത്. കലാപത്തിന് രാജീവ് മാത്രമല്ല ജഗ്ദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരും ഉത്തരവാദികള്‍ ആണെന്ന് പറയുന്നു. 1984 സംഭവത്തില്‍ രാജീവിന് മാപ്പ് നല്‍കില്ലെന്നും കലാപത്തിന് ഇരയായവര്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ഇരയായവരുടെ സംഘടനയും രാഹുലിന് കത്തെഴുതിയിരുന്നു.
ദുരന്തത്തിന്റെ കാരണക്കാരായ യൂണിയന് കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ചെയര്മാന് വാറന്‍ ആന്ഡേഴ്സണ് രക്ഷപ്പെടാന്‍ അവസരം നല്‍കിയതില്‍ രാജീവിന്റെയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്ജുന് സിംഗിന്റെയും പങ്ക് അന്വേഷിക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. രാജീവ് ഗാന്ധിക്കെതിരേയുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ അപലപിച്ച് പ്രതിപക്ഷത്തെ അനേകം പാര്‍ട്ടികള്‍ രംഗത്ത വരികയും ചെയ്തു എന്നാല്‍ ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിക്കും നേരെയുള്ള വിമര്‍ശനം ബിജെപി തുടരുകയാണ്.






