
ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ യുവതി കൃത്യമായ ചികത്സയിലൂടെ ഭാരം കുറച്ചു. 300 കിലോ ഭാരമുണ്ടായിരുന്ന അമിത രാജാനിയെന്ന യുവതിയാണ് തന്റെ ഭാരം 86 കിലോയാക്കി കുറച്ചത്.
ജനിച്ചപ്പോള്‍ സാധാരണ കുഞ്ഞുങ്ങളുടെ ഭാരം മാത്രമായിരുന്നു അമിതയ്ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ആറാം വയസു മുതല്‍ അമിതയുടെ ഭാരം കൂടാന്‍ തുടങ്ങി. 16 വയസായപ്പോഴേക്കും അമിതയുടെ ഭാരം 126 കിലോയായിരുന്നു. ഒടുവില്‍ അമിതയുടെ ഭാരം 300 കിലോയില്‍ എത്തി.
അമിതഭാരം ഉണ്ടായതോടെ അമിതയുടെ ജീവിതം അസുഖങ്ങളുടെ പിടിയിലായി. ഭാരക്കൂടുതല്‍ കാരണം കട്ടിലില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാതെ ജീവിതമായി പിന്നീട്. എന്ത് ആവശ്യങ്ങളും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുമായി. ഇന്ത്യയിലും യുകെയിലുമായി നിരവധി ചികിത്സകള്‍ നടത്തിയിരുന്നുവെങ്കിലും യാതൊരു ഫലം ഉണ്ടായില്ല. ചികിത്സകള്‍ ഫലിക്കാതായതോടെ കുടുംബം മന്ത്രവാദം വരെ ചെയ്യാന്‍ ആരംഭിച്ചു.
അമിതയെ മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടറായ ശശാങ്ക് ഷാ കണ്ടതോടെയാണ് വഴിത്തിരിവ് ഉണ്ടാകുന്നത്. രണ്ട് മാസം അമിതയെ പൂര്‍ണമായും നിരീക്ഷങ്ങള്‍ക്ക് വിധേയമാക്കിയതിനു ശേഷം ശശാങ്ക് ചികിത്സ ആരംഭിച്ചു. വീടിന്റെ വാതില്‍ പൊളിച്ച് പ്രത്യേക ആംബുലന്‍സ് തയ്യാറാക്കി അതിലാണ് അമിതയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടു പോയത്.
2015-ല്‍ ശസ്ത്രക്രിയ നടത്തിയതോടെ അമിത സ്വന്തമായി നടക്കാന്‍ ആരംഭിച്ചു. 2017-ല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തിയപ്പോള്‍ ഭാരം 104 കിലോയായി കുറഞ്ഞു. അങ്ങനെ നീണ്ട നാളത്തെ ചികിത്സകള്‍ക്ക് ശേഷം അമിത ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വീടിന് പുറത്തേക്ക് ഇറങ്ങാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷത്തിലാണ് അമിതയിപ്പോള്.






