
വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ സാധാരണ രോഗത്തിന്റെ അന്തിമഘട്ടത്തിലാണ് പ്രകടമാകുന്നത്. ഇതിനാല്‍ ആരംഭത്തിലുള്ള രോഗനിര്‍ണയവും ചികിത്സയും പലപ്പോഴും രോഗികള്‍ക്ക് കഴിഞ്ഞെന്നുവരില്ല.
ഹൃദയാഘാതം, മസ്തിഷ്ഘാകാതം തുടങ്ങിയ രോഗങ്ങളെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരാണ്. പക്ഷേ, വൃക്കരോഗങ്ങളെപ്പറ്റിയുള്ള അറിവ് നന്നേ പരിമിതമാണ്.
ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വൃക്കരോഗത്തെപ്പിയും നേരത്തേയുള്ള രോഗനിര്‍ണയോപാധികള്‍, ചികിത്സകള്‍, എന്നിവയെപ്പറ്റിയും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരു ദിവസം പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് തീരുമാനം ഉണ്ടായത്. ഈ വര്‍ഷത്തെ ലോകവൃക്കദിന സന്ദേശം 'വൃക്കകളുടെ ആരോഗ്യം എല്ലാവര്ക്കും വേണ്ടി എല്ലായിടത്തും' എന്നതാണ്.
ലോകത്തെമ്പാടുമായി 850 ദശലക്ഷം പേര് സ്ഥായിയായ വൃക്കരോഗബാധിതരാണ്. 13 ദശലക്ഷം പേര്‍ക്ക് ഓരോ വര്‍ഷവും പെട്ടെന്നുള്ള വൃക്കസ്തംഭനം ഉണ്ടാകുന്നു. രോഗകാരണങ്ങളെപ്പറ്റി മനസിലാക്കുകയും അവ വരാതെ നോക്കുകയുമാണ് ഈ നിശബ്ദമായ മഹാവിപത്തിനെ നേരിടാനുള്ള ഏക പോംവഴി.
എന്താണ് വൃക്കരോഗങ്ങള്‍
ശരീരത്തിലെ അരിപ്പകളായാണ് വൃക്കകള്‍ അറിയപ്പെടുന്നത്. ശരീരത്തിലെ വിസര്‍ജ്യവസ്തുക്കള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കുകയുമാണ് വൃക്കകളുടെ പ്രാഥമിക കര്‍ത്തവ്യം.
കൂടാതെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന 'എറിത്രോ പോയിട്ടിന്‍' എന്ന ഹോര്‍മോണിന്റെ ഉല്പാദനം, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം ഡി യെ സജീവമാക്കുക എന്നിവയും വൃക്കകളുടെ ധര്‍മമാണ്. വൃക്കകള്‍ തകരാറിലാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലാകും.
അവയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു. വൃക്കരോഗങ്ങള്‍ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. വളരെ പെട്ടെന്ന് സംഭവിക്കുന്ന താല്ക്കാലികമായ വൃക്ക സ്തംഭനം. രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, അമിത രക്തസ്രാവം, സര്‍പ്പദംശനം, വേദന സംഹാരികളുടെ ഉപയോഗം എന്നിവയാണ് ഇതിനുള്ള കാരണങ്ങള്‍.
സ്ഥായിയായ വൃക്ക സ്തംഭനം എന്നത് നീണ്ട കാലയളവില്‍ ക്രമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്താതി സമ്മര്‍ദം എന്നിവയാണ് 70 ശതമാനത്തിലധികം സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാക്കുന്നത്.
വൃക്കകളെ ബാധിക്കുന്ന മറ്റ് അസുഖങ്ങളായ വൃക്കവീക്കം, മൂത്രനാളികളിലുണ്ടാകുന്ന കല്ലുകള്‍ മുതലായ തടസങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിവ ചേര്‍ന്ന് ബാക്കി മുപ്പത് ശതമാനം സ്ഥായിയായ വൃക്കരോഗം ഉണ്ടാക്കുന്നു.
ലക്ഷണങ്ങളിലൂടെ രോഗം അറിയാം
വൃക്കരോഗങ്ങള്‍ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത് അവയുടെ അവസാന ഘട്ടത്തിലാണ്. അതിനു കാരണം വൃക്കരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതുകൊണ്ടാണ്. കാലുകളിലും മുഖത്തും കാണുന്ന നീരാണ് വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണയായ ലക്ഷണം. മൂത്രമൊഴിക്കുമ്പോള്‍ പതഞ്ഞുവരുന്നത് മൂത്രത്തില്‍ക്കൂടി പ്രോട്ടീന്‍ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്.
രാത്രിയില്‍ കൂടുതല്‍ മുത്രമൊഴിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് രക്തനിറം വരിക എന്നിവയും രോഗലക്ഷണങ്ങളാണ്. ചില വൃക്കരോഗങ്ങള്‍ക്ക് രക്തസമ്മര്‍ദം വളരെ ഉയര്‍ന്ന് കാണപ്പെടുന്നു. വൃക്കരോഗങ്ങളുടെ അന്തിമ ഘട്ടത്തില്‍ ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ശരീരം മുഴുവന്‍ നീര് വയ്ക്കുക, ശ്വാസംമുട്ട് ഉണ്ടാവുക, ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവ കാണപ്പെടുന്നു.
പരിശോധനകള്‍
വൃക്കരോഗത്തിന്റെ പ്രാഥമിക പരിശോധനകള്‍ ചിലവ് കുറഞ്ഞതും എല്ലായിടത്തും ലഭ്യവുമാണ്. വൃക്കരോഗമുള്ളവരില്‍ രക്തത്തിലെ ക്രിയാറ്റിന്‍, യൂറിയ എന്നിവയുടെ അളവ് കൂടിയനിലയില്‍ കാണപ്പെടുന്നു. അതിനുപുറമേ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ് എന്നിവയുടെ അളവിലും വ്യത്യാസം കാണുന്നു. മൂത്രത്തില്‍ പ്രോട്ടീനോ രക്താണുക്കളോ കാണപ്പെടുന്നു.
വയറിന്റെ അള്‍ട്രാസൗണ്ട് വൃക്കകളുടെ വലിപ്പത്തെപ്പറ്റിയും വൃക്കകളിലുള്ള തടസങ്ങളെപ്പറ്റിയും അറിവ് നല്കുന്നു. തടസങ്ങള്‍ ഉണ്ടെങ്കില്‍ യൂറോഗ്രാഫി, സി.ടി.സ് കാന്‍, എം.ആര്.ഐ സ്കാന്‍, ഡിടിപി്എ സ്കാന്‍ തുടങ്ങിയവ നടത്തുന്നു. പ്രാഥമികമായി വൃക്കകളെ ബാധിക്കുന്ന ഗ്ലോമറുലോനെഫ്രൈറ്റിസ് വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്ക് വൃക്കയില്‍ നിന്ന് അല്പം കോശം കുത്തിയെടുത്ത് പരിശോധിക്കുന്ന വൃക്ക ബയോപ്സി ചെയ്യുന്നു.
ചികിത്സകള്‍
പ്രാഥമികമായി വൃക്കകളെ ബാധിക്കുന്ന ഗ്ലോമറുലോനെഫ്രൈറ്റിസ് വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്ക് കിഡ്നി ബയോപ്സി ചെയ്ത് കൃത്യമായി രോഗം നിര്‍ണയിച്ച് അവയ്ക്കുള്ള പ്രത്യേകമായ ചികിത്സ നല്കുന്നു. 70 ശതമാനത്തിലധികം സ്ഥായിയായ വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത് ജീവിത ശൈലീ രോഗങ്ങള്‍കൊണ്ടാണ്. അതിനാല്‍ അവ വരാതിരിക്കാന്‍ വേണ്ടി ആരോഗ്യകരമായ ഭക്ഷണ ശൈലി, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക.
ഇനി അഥവാ പ്രമേഹമോ രക്താതി സമ്മര്‍ദമോ വന്നുപോയാല്‍ അവ യഥാവിധി മരുന്നുകള്‍ കഴിച്ച് നിയന്ത്രണവിധേയമാക്കണം.
വേദന സംഹാരികള്‍, വൃക്കകള്‍ക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം. വൃക്കരോഗം അന്തിമ ഘട്ടത്തില്‍ ആണെങ്കില്‍ ഡയാലിസിസിനെപ്പറ്റിയോ, വൃക്ക മാറ്റിവയ്ക്കലിനെപ്പറ്റിയോ ചിന്തിക്കേണ്ടതും അവയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതുമാണ്.
ചുരുക്കത്തില്‍ വൃക്കരോഗം വരാതെ നോക്കാന്‍, ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കുക. ഇനി അഥവാ വന്നാല്‍, രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് യഥാവിധി ചികിത്സ നേടുക.
അവസാനഘട്ടത്തിലാണ് രോഗം കണ്ടുപിടിക്കപ്പെടുന്നതെങ്കില് കൂടി നിരാശരാകേണ്ടതില്ല. ആധുനിക സൗകര്യങ്ങളോടെ നടത്തുന്ന ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവ കൊണ്ട് വൃക്കരോഗികള്‍ക്ക് ഇന്ന് വളരെ നല്ല രീതിയിലുള്ള ജീവിതം നയിക്കാന്‍ സാധിക്കും.
ഡോ. വിഷ്ണു ആര്.എസ്.
കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം