
പലന്‍പുര്‍ (ഗുജറാത്ത്): വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് എത്തണമെന്ന പിന്നോക്ക സമുദായത്തില്‍പെട്ട വരന്റെ ആഗ്രഹം സാധിച്ചുനല്കാന് ജില്ലാ കലക്ടറും പോലീസും അടക്കം 200 ഓളം ഉദ്യോഗസ്ഥരുടെ വന്‍ സുരക്ഷ. വെള്ളിയാഴ്ച ഗുജറാത്തിലെ സബര്‍കാന്തിലെ സിതവാഡയില് പിന്നോക്കകാരനായ പോലീസുകാരന്റെ വിവാഹത്തിനാണ് സുരക്ഷ ഒരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം എത്തിയത്.
സഞ്ജയ് റാത്തോഡ് (27) ആയിരുന്നു വരന്. ജാഥര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് റാത്തോഡ്. പിന്നോക്ക സമുദായത്തില്‍പെട്ടവര്‍ കുതിര സവാരി ചെയ്യുന്നതിനെ ഇവിടെയുള്ള സവര്‍ണ വിഭാഗം എതിര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഈ എതിര്‍പ്പിനെ നേരിടാന്‍ തന്നെ തീരുമാനിച്ച റാത്തോഡ് തന്റെ വിവാഹത്തിന് പോലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു.
കലക്ടര്‍ അടക്കം 200 ഓളം പേരാണ് സുരക്ഷയൊരുക്കാന്‍ വന്നത്. പോലീസുകാരില്‍ ഏറെയും മഫ്തിയിലായിരുന്നു. വിവാഹഘോഷയാത്രയില്‍ കുതിര സവാരി പാടില്ലെന്ന് മുന്നോക്കവിഭാഗക്കാര് ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും ഇവര്‍ വിഛേദിച്ചിരുന്നു. ഇതോടെ വിവാഹ ആഘോഷം അലങ്കോലമാക്കാനുള്ള ശ്രമമാണെന്ന് ഭയനന വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ആഘോഷം കഴിയുന്നതുവരെ പോലീസ് സ്ഥലത്ത് തമ്പടിച്ചു.
കുതിരസവാരി ഒഴിവാക്കണമെന്ന് മുന്നോക്കകാര്‍ ആവശ്യപ്പെട്ടിരുന്നതായി വരന്റെ കുടുംബം പറയുന്നു. പോലീസിന്റെ സുരക്ഷയില്‍ സമാധാനപരമായി ആഘോഷം നടന്നുവെന്ന് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.






